എം.എ. കൃഷ്ണന്‍ സാംസ്‌കാരിക രംഗത്ത് മാറ്റം കൊണ്ടുവന്ന വ്യക്തി: അക്കിത്തം

Saturday 21 October 2017 10:23 pm IST

കൊച്ചി: കേരളത്തിലെ സാംസ്‌കാരിക രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ മുഖ്യ കാരണമായ വ്യക്തിയാണ് എം.എ. കൃഷ്ണ(എം.എ. സാര്‍) നെന്ന് മഹാകവി അക്കിത്തം. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം എ സാറിന്റെ ജീവചരിത്ര പുസ്തക പ്രകാശന ചടങ്ങിലാണ് അക്കിത്തത്തിന്റെ സന്ദേശം വായിച്ചത്. കവി എസ് രമേശന്‍ നായരാണ് സന്ദേശം വായിച്ചത്. സാംസ്‌കാരിക രംഗം ദിശമാറി സഞ്ചരിച്ചിരുന്ന കാലത്ത് എം.എ. സാര്‍ രണ്ട് മഹാപ്രസ്ഥാനങ്ങള്‍ കൈരളിക്ക് സമര്‍പ്പിച്ചിരുന്നു. ആരോഗ്യം അനുവദിക്കുമ്പോള്‍ എം.എ. സാറിനെ വന്ദിക്കാന്‍ എത്തുമെന്ന് പറഞ്ഞാണ് അക്കിത്തം ആശംസ അവസാനിപ്പിച്ചത്. എം.എ. സാറിന്റെ ജീവിചരിത്ര ഗ്രന്ഥമായ 'ഓരം ചേര്‍ന്ന് നടന്ന ഒരാള്‍' ഒ.രാജഗോപാല്‍ എംഎല്‍എ, പി. നാരായണക്കുറുപ്പിന് നല്‍കി പ്രകാശനം ചെയ്തു. ആശയപരമായി എതിര്‍ക്കുന്നവരെയും സ്വാധീനിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് എം.എ. സാറെന്ന് രാജഗോപാല്‍ പറഞ്ഞു. അക്കിത്തത്തിന്റെ അനുഭവം അതിനൊരു ഉദാഹരണമാണ്. ഈ നേട്ടം സാധാരണ മനുഷ്യര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഓരം ചേരാതെ നടുവിലൂടെ നടന്ന് സംഘചരിത്ര വികാസത്തിന് നെടുനായകത്വം വഹിച്ചയാളാണ് എം.എ. സാര്‍. സമാജ പരിവര്‍ത്തനമായിരുന്നു ലക്ഷ്യം. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രമെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം പൂര്‍ത്തിയാക്കുമെന്നും പ്രാന്തസംഘചാലക് പറഞ്ഞു. ടിജി മോഹന്‍ദാസ് പുസ്തക പരിചയം നടത്തി. എഴുത്തുകാരനും, മാധ്യമപ്രവര്‍ത്തകനുമായ മനോജ് മനയിലാണ് പുസ്തകം രചിച്ചത്. ബുദ്ധ ബുക്‌സാണ് പ്രസാധകര്‍. കെ.ജി. ജയന്റെ പ്രാര്‍ത്ഥനയോടെയാണ് സമാദരണസഭ ആരംഭിച്ചത്. വിവിധ മേഖലകളിലെ പ്രശസ്ത വ്യക്തിത്വങ്ങളായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, എസ്. സേതുമാധവന്‍, യു.കെ. കുമാരന്‍, കുമ്മനം രാജശേഖരന്‍, പി.പി. മുകുന്ദന്‍, മേജര്‍ രവി, ഡോ. ജെ. പ്രമീളാദേവി, കെ.പി. ബാബുരാജ് തുടങ്ങിയവരും പങ്കെടുത്തു. പി.ജി. ജയകുമാര്‍ സ്വാഗതവും എം.ടി. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.