എംസി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

Saturday 21 October 2017 10:24 pm IST

ചെങ്ങന്നൂര്‍: എംസി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് യുവാക്കള്‍ മരിച്ചു. കോട്ടയം അതിരമ്പുഴ കുഴികണ്ടത്തില്‍ വീട്ടില്‍ സ്റ്റീഫന്റെ മകന്‍ അഖില്‍ കെ. സ്റ്റീഫന്‍ (21), ഉടുമ്പന്നൂര്‍ ചീനക്കുഴി കല്ലൂര്‍ വീട്ടില്‍ മോഹനന്റെ മകന്‍ നിഥിന്‍ മോഹന്‍ (19), ഏറ്റുമാനൂര്‍ പള്ളിക്കര മൂലപ്പറമ്പില്‍ വീട്ടില്‍ മിബിന്‍ സെബാസ്റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശി മിലന്‍ മാത്യു തോമസ് (22) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എംസി റോഡില്‍ കാരയ്ക്കാട് വെട്ടിപ്പീടിക ജങ്ഷനില്‍ വെള്ളിയാഴ്ച രാത്രി 11.55ഓടെയായിരുന്നു അപകടം. കോട്ടയത്തു നിന്നും നാലംഗ സംഘം രണ്ട് ബൈക്കുകളിലായി അടൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ യാത്രചെയ്ത ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന കെഎല്‍ 27 ഇ 4468 നമ്പര്‍ എത്തിയോസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അഖില്‍ സ്റ്റീഫന്‍ നിഥിന്‍ മോഹന്‍ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മിബിന്‍ സെബാസ്റ്റ്യനെ ആലപ്പുഴ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ എട്ടുമണിയോടെ മരിച്ചു. മരിച്ച രണ്ടുപേരുടെ മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വണ്ടാനം മെഡിക്കല്‍ കോളേജില്‍ മരിച്ച മിബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ഏറ്റുമാനൂര്‍ സ്വദേശി മിലന്‍ മാത്യു തോമസ് അപകടം കണ്ട് പകച്ച് സംഭവസ്ഥലത്തുനിന്ന് ഓടി മാറുകയും, പിന്നീട് കോട്ടയത്തുനിന്ന് മറ്റു സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയുമായിരുന്നു. അഖിലിന്റെ അമ്മ പരേതയായ വത്സമ്മ, സഹോദരന്‍ വിനില്‍. മിബിന്റെ മാതാവ്: മോളി. സഹോദരി: മാളു.