തുറവൂര്‍ വിശ്വംഭരനെ തപസ്യ അനുസ്മരിച്ചു

Saturday 21 October 2017 10:30 pm IST

തൃപ്പൂണിത്തുറ: തത്വചിന്തകനും വാഗ്മിയും ബഹുഭാഷാ പണ്ഡിതനുമായ പ്രൊഫ. തുറവുര്‍ വിശ്വംഭരനെ തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ലായം കൂത്തമ്പലത്തില്‍ അനുസ്മരണയോഗവും പുഷ്പാര്‍ച്ചനയും നടത്തി. ഏതൊരു വിഷയത്തെക്കുറിച്ചും ആധികാരികമായ പഠനം നടത്തിയ ശേഷം മാത്രമേ സംവാദങ്ങളില്‍ മാഷ് പങ്കെടുക്കാറുള്ളൂ എന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ പ്രിയ ശിഷ്യനും നഗര്‍ സംഘ് ചാലകുമായ എം.ഡി. ജയന്തന്‍ നമ്പൂതിരി യോഗത്തില്‍ പറഞ്ഞു. ഒരുപാട് തലമുറകള്‍ക്കു അറിവ് നല്‍കിയ മഹത്വ്യക്തി എന്ന നിലയില്‍ ആയിരിക്കും അദ്ദേഹത്തെ എക്കാലവും അനുസ്മരിക്കുക എന്ന് അഡ്വ. എം. സ്വരാജ് എംഎല്‍എ പറഞ്ഞു. ഭാരതീയ തത്വചിന്ത, ജ്യോതിഷം എന്നിവയിലടക്കം ജ്ഞാനത്തിന്റെ സമസ്ത മേഖലകളും സ്വായത്തമാക്കിയ പണ്ഡിതനും തര്‍ക്ക ശാസ്ത്രജ്ഞനുമായിരുന്നു തുറവൂര്‍ വിശ്വംഭരനെന്ന് പ്രിയ സൃഹൃത്തും എഴുത്തുകാരനുമായ എം.വി. ബെന്നി പറഞ്ഞു. സ്ഥാനമാനങ്ങളും പ്രശസ്തിയും ആഗ്രഹിക്കാത്ത നിര്‍മ്മലമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ബെന്നി ഓര്‍മ്മിച്ചു. തപസ്യ മേഖല അദ്ധ്യക്ഷന്‍ എം. മോഹന്‍, എന്‍ബിടി എക്‌സ്‌ക്യൂട്ടീവ് അംഗം ഇ.എന്‍. നന്ദകുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, ബിഡിജെഎസ് ജില്ലാ സെക്രട്ടറി വിപിന്‍ തുടങ്ങിയവര്‍ അനുസ്മരിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പി. സോമനാഥന്‍ സ്വാഗതവും തപസ്യ സംസ്ഥാന സെക്രട്ടറി കെ.സതീഷ് ബാബു കൃതജ്ഞയും പറഞ്ഞു.