പിണറായിക്ക് കുമ്മനത്തിന്റെ മറുപടി: ചര്‍ച്ചയ്ക്കുള്ള ക്ഷണം കൊലക്കത്തി ഒളിപ്പിച്ചുവച്ച്

Saturday 21 October 2017 11:11 pm IST

തിരുവനന്തപുരം: വികസന സംവാദത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഒളിച്ചോടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ചുട്ടമറുപടി. സംവാദത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഒളിച്ചോടിയിട്ടില്ല. സംവാദത്തിനു വേണ്ടത് സമാധാനപൂര്‍ണ്ണമായ അന്തരീക്ഷമാണ്. രാഷ്ട്രീയ എതിരാളികള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട ഭരണാധികാരി വികസനത്തെപ്പറ്റി സംസാരിക്കുന്നത് അര്‍ത്ഥശൂന്യമാണ്. കൊലക്കത്തി പിന്നില്‍ ഒളിപ്പിച്ച് സന്ധിസംഭാഷണത്തിനും സംവാദത്തിനും എതിരാളികളെ ക്ഷണിക്കാന്‍ അതീവ കൗശലക്കാരനേ സാധിക്കൂ, ഫേസ്ബുക്ക് പോസ്റ്റില്‍ കുമ്മനം കുറിച്ചു. കേരളം ഭരിക്കുന്ന താങ്കളുടെയും പാര്‍ട്ടിയുടെയും കിരാത മുഖത്തെപ്പറ്റിയും സാമൂഹ്യ സാഹചര്യത്തെപ്പറ്റിയും സംസാരിക്കുന്നത് കേരളത്തിനെതിരായ വിമര്‍ശനമാണെന്ന കണ്ടെത്തല്‍ മനസിലാകുന്നില്ല. കേരളം പുരോഗതിയും സാമൂഹ്യ നിലവാരവും നേടിയത് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പ്രയത്‌നത്തിന്റെ ഫലമാണ്. അധ്വാനശീലര്‍ കടല്‍ കടന്ന് പണിയെടുത്ത് അയയ്ക്കുന്ന വിദേശനാണ്യമാണ് വികസത്തിനു കാരണം. മദ്യവും ലോട്ടറിയും വിറ്റു കിട്ടുന്ന പണം കടം വീട്ടാന്‍ പോലും തികയാറുണ്ടോയെന്ന് ധനമന്ത്രിയോട് ചോദിക്കണം. ഉള്ളതെല്ലാം വിറ്റുപെറുക്കി സംരംഭം തുടങ്ങാന്‍ വരുന്നവനെ ബൂര്‍ഷ്വായെന്ന് മുദ്രകുത്തി, നോക്കുകൂലി വാങ്ങിയും സമരം നടത്തിയും കെട്ടുകെട്ടിച്ചത് സിപിഎമ്മാണ്. അഞ്ചാംപനി മരണത്തില്‍ ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. ഡെങ്കിപ്പനി ബാധയുടെയും മരണത്തിന്റെയും കാര്യത്തിലും രാജ്യത്ത് ഒന്നാം സ്ഥാനവും. എല്ലാവര്‍ക്കും സുരക്ഷ ഒരുക്കാനാകാത്ത മുഖ്യമന്ത്രി മലയാളിക്ക് അപമാനമാണ്. ബിജെപി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കാന്‍ ജനാധിപത്യപരമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. ബിജെപി നേതാക്കള്‍ കണ്ണു ചൂഴ്‌ന്നെടുക്കുമെന്നും തലവെട്ടുമെന്നും പറഞ്ഞതായി താങ്കള്‍ പ്രസ്താവിച്ചു. ബിജെപി പ്രവര്‍ത്തകരെ കൊല്ലുന്ന പ്രവൃത്തി തുടര്‍ന്നാല്‍ കണ്ണ് ചൂഴ്‌ന്നെടുക്കേണ്ടി വരുമെന്നാണ് ബിജെപി നേതാവ് പറഞ്ഞത്. രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ കേരളത്തില്‍ ആദ്യമായി കണ്ണ് ചൂഴ്‌ന്നെടുത്ത പ്രസ്ഥാനം താങ്കളുടെതാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എബിവിപി നേതാവായിരുന്ന സനൂപിനെ ഒറ്റക്കണ്ണനാക്കിയത് എസ്എഫ്‌ഐ എന്ന ഭീകര സംഘടനയാണ്.കേന്ദ്ര ഫണ്ടും നികുതി വിഹിതവും കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നു സമ്മതിക്കുന്നു. പക്ഷേ, അത് ഉയര്‍ന്ന തോതില്‍ കിട്ടുന്നത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഫലം തന്നെയാണ്. അതിനാലാണ് എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്ന സമയത്ത് കിട്ടിയതിനേക്കാള്‍ പരിഗണന ഇപ്പോള്‍ കേരളത്തിന് കിട്ടുന്നത്, കുമ്മനം ചൂണ്ടിക്കാട്ടി.