കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

Sunday 22 October 2017 10:07 am IST

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം. ഹദ്വാര ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌ക്കറെ ത്വയ്ബ കമാന്‍ഡര്‍ വസീം ഷായും മറ്റൊരാളും കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ഏറ്റുമുട്ടല്‍ നടന്നത്. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഭീകരന്റെ പക്കല്‍ നിന്ന് പാക് കറന്‍സിയും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.