കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി; തോമസ് ചാണ്ടി നിയമം ലംഘിച്ചു

Monday 23 October 2017 1:09 am IST

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ശരിവെച്ച് ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി കയ്യേറ്റം നടത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കളക്ടര്‍ ടി.വി അനുപമ, റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന് കൈമാറി. മണ്ണിട്ട് മൂടിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിങ്ങും അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്നും രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചു തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. കടുത്ത നടപടിക്കാണ് കളക്ടറുടെ ശുപാര്‍ശ. ബോയ സ്ഥാപിക്കാന്‍ ആര്‍ഡിഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മാര്‍ത്താണ്ഡം കായല്‍ നികത്തലിന്റെ ഭാഗമായി സര്‍ക്കാര്‍ പുറമ്പോക്കിലെ റോഡ് നികത്തിയത് തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനമാണ്. മാര്‍ത്താണ്ഡത്ത് അഞ്ചു സെന്റു വീതമുള്ള 64 പ്ലോട്ടുകള്‍ തോമസ് ചാണ്ടി വാങ്ങി. ഇത് അടിസ്ഥാന നികുതി റജിസ്റ്ററില്‍ പുരയിടമാണ്. 32 വീതം പരസ്പരം അഭിമുഖമായ പ്ലോട്ടുകളാണ്. 95 സെന്റ് നിലവും ബണ്ടില്‍ അഞ്ചു സെന്റ് പുരയിടവും കര്‍ഷകര്‍ക്കു നല്‍കിയതാണ്. ഇടയില്‍ ഭൂവുടമകള്‍ക്കായി ഒന്നര മീറ്റര്‍ വീതിയില്‍ റോഡുണ്ട്. നികത്തിയിപ്പോള്‍ ഈ റോഡും നികത്തിയതാണ് ലംഘനമാണ്. ലേക് പാലസിലേക്കുള്ള റോഡ് നിര്‍മാണം, വലിയകുളം - സീറോ ജെട്ടി റോഡ് നിര്‍മാണം തുടങ്ങിയവ തണ്ണീര്‍ത്തട നിയമം ലംഘിച്ചെന്ന് കണ്ടെത്തി. 2008ല്‍ നിയമം വന്നതിനു ശേഷമാണു നിര്‍മാണം നടത്തിയത്. നിലം നികത്താന്‍ സംസ്ഥാന തണ്ണീര്‍ത്തട നിരീക്ഷണ സമിതിയുടെ അനുവാദം വാങ്ങിയിട്ടില്ല. റോഡ് നിര്‍മാണത്തിന്റെ മറവില്‍ മൂന്നിടത്തു നിലം നികത്തി. ലോറി തിരിക്കാന്‍ സ്ഥലത്തിനെന്നു വിശദീകരണം. റോഡ് നിര്‍മാണം കഴിഞ്ഞാല്‍ പൂര്‍വസ്ഥിതിയിലാക്കാമെന്നു ജില്ലാ കളക്ടര്‍ക്കു എഴുതിക്കൊടുത്തു. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അതു പാലിച്ചില്ല. ആലപ്പുഴ നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ള റോഡ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണു റോഡ് നിര്‍മിച്ചത്. അന്ന് എംഎല്‍എമാരായിരുന്ന എ.എ. ഷുക്കൂര്‍, തോമസ് എന്നിവര്‍ ശുപാര്‍ശ ചെയ്തിരുന്നു. എംപിമാരായ പി. ജെ. കുര്യന്‍, കെ.ഇ. ഇസ്മയില്‍ എന്നിവര്‍ ഫണ്ട് അനുവദിച്ചു. മന്ത്രി കെ. ബാബുവും ഫണ്ട് അനുവദിച്ചു. സിപിഐ ജില്ലാ കമ്മിറ്റി ശുപാര്‍ശ അനുസരിച്ചാണ് കെ.ഇ. ഇസ്മയില്‍ ഫണ്ട് അനുവദിച്ചത്. കരുവേലി പാടശേഖരത്തിന്റെ പുറംബണ്ട് നിര്‍മിച്ചു ലേക് പാലസ് പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിച്ചതും തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനമാണ്. ബണ്ട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് ജലവിഭവ വകുപ്പാണ്. അനുവദിച്ചതില്‍ കൂടതല്‍ സ്ഥലം നികത്തിയിട്ടുണ്ട്. ബണ്ട് - പാലസ് റിസോര്‍ട്ടിനു മുന്നില്‍ കരുവേലി പാടശഖരത്തിന്റെ ആവശ്യം എന്ന നിലയ്ക്കു ബണ്ട് ബലപ്പെടുത്തി. 50 ലക്ഷം രൂപ ലേക്ക് പാലസ് മുടക്കി. പാടശേഖര സമിതിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പ് രൂപകല്‍പ്പന നല്‍കി മേല്‍നോട്ടം വഹിച്ചു. അതോടെ പാര്‍ക്കിങ് ഗ്രൗണ്ടിനു വീതിയായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.