സ്വയംഭരണം റദ്ദാക്കി; കാറ്റലോണിയ പുകയുന്നു

Sunday 22 October 2017 10:14 pm IST

ബാഴ്‌സലോണ: ഒരിടവേളയ്ക്കു ശേഷം കാറ്റലോണിയയില്‍ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. സ്വയംഭരണം റദ്ദാക്കി പ്രവിശ്യയുടെ ഭരണം ഏറ്റെടുക്കാനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്നാണിത്. കാറ്റലോണിയന്‍ പതാകയുമായും പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. സ്പാനിഷ് സര്‍ക്കാരിനെ ഭയക്കുന്നില്ലെന്നും അവര്‍ വിളിച്ചു പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്പാനിഷ് മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. ഈയാഴ്ച അവസാനത്തോടെ പ്രവിശ്യ, സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ പ്രതിഷേധക്കാര്‍ തെരുവ് കൈയടക്കി. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ കാറ്റലോണിയന്‍ ജനതയോട് ആവശ്യപ്പെട്ടു. എന്നാല്‍, എന്തു വില കൊടുത്തും തീരുമാനം ചെറുക്കുമെന്ന് കാറ്റലോണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. തങ്ങളുടെ ജനതയ്ക്കു നേരെ സ്പാനിഷ് സര്‍ക്കാര്‍ നടത്തുന്ന സൈനിക ഭീകരതയാണിതെന്ന് കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലോസ് പുഡ്ജ്മാന്‍ പറഞ്ഞു. 1977ലെ ജനാധിപത്യ പുനഃസ്ഥാപന പ്രക്ഷോഭത്തിനു ശേഷം സ്‌പെയിന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. വടക്കുകിഴക്കന്‍ സ്‌പെയിനിലെ സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. ബാഴ്‌സലോണയാണ് തലസ്ഥാനം. സ്‌പെയിനിന്റെ വാര്‍ഷിക വരുമാനത്തില്‍ ഭൂരിഭാഗവും നല്‍കുന്ന പ്രദേശത്തെ മാഡ്രിഡ് കേന്ദ്രീകരിച്ചുള്ള കേന്ദ്ര സര്‍ക്കാരുകള്‍ വകവയ്ക്കുന്നില്ലെന്നാണ് ഇവിടത്തുകാരുടെ പ്രധാന പരാതി. സ്‌പെയിനില്‍ നിന്ന് സ്വയംഭരണം വേണമെന്ന് ഈ മാസം ഒന്നിന് നടന്ന ഹിതപരിശോധനയില്‍ കാറ്റലോണിയന്‍ ജനത വിധിയെഴുതിയിരുന്നു. പത്തിന് പ്രസിഡന്റ് പുഡ്ജ്മാന്‍ പ്രതീകാത്മകമായി ഇക്കാര്യം പ്രഖ്യാപിച്ചു. എന്നാല്‍, സ്പാനിഷ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്കുള്ള വാതിലുകളും അദ്ദേഹം തുറന്നിട്ടു. അതിനിടെയാണ്, സ്പാനിഷ് സര്‍ക്കാരിന്റെ നടപടി.