സിപിഎം സമ്മേളനങ്ങളില്‍ മത്സരവും പൊട്ടിത്തെറിയും തലശ്ശേരിയില്‍ ഇരുവിഭാഗവും നേര്‍ക്കുനേര്‍

Sunday 22 October 2017 8:35 pm IST

കണ്ണൂര്‍: സിപിഎം സമ്മേളനങ്ങളില്‍ മത്സരവും പൊട്ടിത്തെറിയും. സമ്മേളനം പൂര്‍ത്തിയാക്കാനാവാതെ സംസ്ഥാന സെക്രട്ടറിയുടെ നാടായ തലശ്ശേരിയില്‍ സിപിഎം പൊട്ടിത്തെറിയിലേക്ക്. തലശ്ശേരി ടൗണ്‍ ലോക്കല്‍ സമ്മേളനം പൂര്‍ത്തിയാക്കാനാവാതെ പാര്‍ട്ടി നേതൃത്വം വെട്ടില്‍. ഏതാനും ദിവസം മുമ്പ് മുന്‍നിശ്ചയ പ്രകാരം തലശ്ശേരി ടൗണ്‍ ലോക്കല്‍ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നേരിട്ട് പങ്കെടുത്ത യോഗം ലോക്കല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനാവാതെ പിരിയേണ്ടി വരികയായിരുന്നു. ഒടുവില്‍ ലോക്കല്‍ കമ്മറ്റിയുടെ ചുമതല അഡ്‌ഹോക്ക് കമ്മറ്റിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. തലശ്ശേരി ടൗണ്‍ ലോക്കല്‍ സെക്രട്ടറിയായി നിലവിലുളള സെക്രട്ടറിയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളുമായ വ്യക്തിയെ സിപിഎം ജില്ലാ കമ്മറ്റി നിര്‍ദ്ദേശിച്ചപ്പോള്‍ ഇയാളെ സെക്രട്ടറിയായ അംഗീകരിക്കാന്‍ കഴിയില്ലെന്നും യുവാക്കളായ ഏതാനും പാര്‍ട്ടി അംഗങ്ങള്‍ ശക്തിയുക്തം വാദിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോടാലോചിക്കാതെ ഇയാള്‍ പ്രവര്‍ത്തിച്ചതായും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിനെതിരായ തീരുമാനങ്ങള്‍ ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നടപടിയെ ശക്തിയായി എതിര്‍ക്കുന്നുവെന്നും ചില യുവ പാര്‍ട്ടി അംഗങ്ങള്‍ യോഗത്തിനിടെ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇത്തരം നിലപാട് തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി പാര്‍ട്ടി നേരിടേണ്ടി വരുമെന്ന് പാര്‍ട്ടിയുടെ യുവനേതാവായ കൗണ്‍സിലര്‍ വ്യക്തമാക്കിയതായും പറയപ്പെടുന്നു. യുവനേതാവിന്റെ വാക്കുകള്‍ക്കു മുന്നില്‍ അടിപതറിയ ജില്ലാ സെക്രട്ടറി യോഗം പിരിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും അറിയുന്നു. യോഗത്തിനിടയില്‍ നടന്ന വാക്ക് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും സാമൂഹ്യമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. ചുവപ്പുകോട്ട എന്ന് അവകാശപ്പെടുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രദേശമായ തലശ്ശേരിയില്‍ പാര്‍ട്ടി തീരുമാനം നടപ്പിലാക്കാന്‍ സാധിക്കാത്തത് ചരിത്രത്തിലാദ്യമാണ്. ജാതിക്കും മതത്തിനുമെതിരെ വാതോരാതെ പ്രസംഗിച്ച് നടക്കുന്ന പാര്‍ട്ടി സഖാക്കളുടെ ഉളളിലിരിപ്പു കൂടിയാണ് സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം നിര്‍ത്തിവെക്കേണ്ടി വന്നതിലൂടെ പുറത്തു വന്നിരിക്കുന്നത്. കേഡര്‍ ചട്ടക്കൂടുളള പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ ജില്ലയിലെ ശ്രദ്ധേയമായ സ്ഥലത്തെ ലോക്കല്‍ സെക്രട്ടറിയെ വിഭാഗീയതയുടെ പേരില്‍ തെരഞ്ഞെടുക്കാനാവാഞ്ഞത് പാര്‍ട്ടി നേതൃത്വത്തിന് നാണക്കേടായിരിക്കുകയാണ്. സമ്മേളനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സെക്രട്ടറിയെ സംബന്ധിച്ച് ജില്ലാ കമ്മിറ്റി തീരുമാനം തിരുത്താന്‍ തയ്യാറാകാത്തതും പ്രശ്‌നപരിഹാരത്തിന് നേതൃത്വം ശ്രമം നടത്താത്തതും തലശ്ശേരി മേഖലയിലെ പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണ്. പുതിയ സെക്രട്ടറിയെയും കമ്മറ്റിയെയും നിര്‍ബന്ധമായും തെരഞ്ഞെടുക്കേണ്ടതിനാല്‍ ഇവിടെ വീണ്ടും സമ്മേളനം നടത്തേണ്ടി വരും. ജില്ലയില്‍ വിവിധയിടങ്ങളിലെ സമ്മേളനങ്ങളില്‍ മത്സരവും പൊട്ടിത്തെറിയും പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങളാണ് പാര്‍ട്ടികോട്ടകളില്‍ പോലും ലോക്കല്‍ സമ്മേളനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് വഴിമാറാനിടയാക്കിയിരിക്കുന്നത്. സ്ഥാനം സംബന്ധിച്ച് ഏരിയാ - ജില്ലാ നേതാക്കള്‍ ഇടപെട്ടു നടത്തിയ സമവായ നീക്കങ്ങള്‍ അംഗങ്ങള്‍ തള്ളിക്കളയാന്‍ തയാറാകുന്നതും വ്യാപകമായിരിക്കുകയാണ്. നേതൃത്വം ഇടപെട്ട കമ്മറ്റികളിലേക്ക് ബോധപൂര്‍വം സ്വന്തക്കാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നതാണ് പലയിടത്തും സമ്മേളനങ്ങള്‍ അഭിപ്രായ ഭിന്നതിയിലേക്ക് നയിക്കുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന കുറ്റ്യേരി ലോക്കല്‍ സമ്മേളനത്തിലും മത്സരം നടന്നത് പാര്‍ട്ടി നേതൃത്വത്തിന് തിരിച്ചടിയായിരുന്നു. ഏരിയാകമ്മറ്റി അംഗീകാരത്തോടെ അവതരിപ്പിച്ച ലോക്കല്‍ കമ്മറ്റിയംഗങ്ങളുടെ പാനലിനെതിരേ രണ്ടുപേര്‍ മത്സരിക്കുകയായിരുന്നു. 92 പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ 30 പേര്‍ മത്സരിച്ചവര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തു. പങ്കെടുത്തവരില്‍ മൂന്നിലൊന്ന് വിഭാഗം ആള്‍ക്കാര്‍ ഇവര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതും നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.ു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.