അഴിമതിക്കെതിരെ ഇടതുമുന്നണി വാചകമടിക്കും, നടപടിയില്ല

Sunday 22 October 2017 7:05 pm IST

തിരുവനന്തപുരം: അഴിമതിക്കെതിരെ വാചകമടിക്കുന്നതില്‍ ഇടത് മുന്നണി മുന്നിലാണെങ്കിലും നടപടി സ്വീകരിക്കുന്നതില്‍ പിന്നിലാണ്. മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് അനിഷേധ്യമായി തെളിയിക്കപ്പെട്ടിട്ടും പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കുട്ടനാട്ടിലെ ലേക്ക് റിസോര്‍ട്ടിന്റെ നിര്‍മ്മിതികളെല്ലാം അനധികൃതമാണെന്ന് വ്യക്തമായിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ നടപടി ഉണ്ടാകാതെ അഴിമതിക്കെതിരായ നടത്തുന്ന ഗീര്‍വാണങ്ങള്‍ അത്ഭുതാവഹമാണ്. അനധികൃത കയ്യേറ്റങ്ങളും ഭൂമിതട്ടിപ്പും നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ അഴിമതിക്കെതിരെ നടത്തുന്ന പ്രസ്താവനകള്‍ പൊള്ളയാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇ പി ജയരാജനെതിരെ ആരോപണം ഉണ്ടായ ഉടന്‍ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി ആരോപണം തെളിഞ്ഞിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയ്ക്ക് സ്വന്തംപാര്‍ട്ടിയോടും ജനങ്ങളോടുമുള്ളതിനേക്കാള്‍ സ്നേഹം പണത്തോടാണെന്ന് ഇത് വ്യക്തമാക്കുന്നു. ഭൂമികയ്യേറ്റം നടത്തിയ മന്ത്രി രാജിവെയ്ക്കണം അല്ലങ്കില്‍ മന്ത്രിയെ പുറത്താക്കണം.