ഏഷ്യാ കപ്പ് ഹോക്കി ഇന്ത്യക്ക് മൂന്നാം കിരീടം

Sunday 22 October 2017 11:22 pm IST

ധാക്ക: ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. ആവേകരമായ ഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മലേഷ്യയെ തോല്‍പ്പിച്ചു. ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് നേടുന്നത്. രമണ്‍ദീപ് സിങ്ങും ലളിത് ഉപാധ്യായുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്്. മലേഷ്യയുടെ ഗോള്‍ ഷഹ്‌റില്‍ സാബായുടെ വകയായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇന്ത്യ കിരീടനേട്ടത്തില്‍ പാക്കിസ്ഥാനൊപ്പം എത്തി.പാക്കിസ്ഥാനും മൂന്ന് തവണ ഏഷ്യാ കപ്പ് നേടിയിട്ടുണ്ട്്. ദക്ഷിണ കൊറിയമാത്രമാണ് ഈ കപ്പ് നാലുതവണ കരസ്ഥമാക്കിയ ഏക രാജ്യം. 2003 ല്‍ കുലാലമ്പൂരിലും 2007 ല്‍ ചെന്നൈയിലും അരങ്ങേറിയ ഏഷ്യാ കപ്പിലാണ് ഇന്ത്യ ഇതിന് മുമ്പ് കിരീടമണിഞ്ഞത്. സൂപ്പര്‍ നാല് മത്സരത്തില്‍ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് മലേഷ്യയെ തകര്‍ത്തെറിഞ്ഞ ഇന്ത്യ ഫൈനലില്‍ തുടക്കം മുതല്‍ മേല്‍ക്കൈ നേടി. നിരന്തരം അവര്‍ മലേഷ്യന്‍ പ്രതിരോധം തകര്‍ത്ത് മുന്നേറി. പതിമൂന്നാം മിനിറ്റില്‍ ഇന്ത്യയുടെ ആക്രമണം ഫലം കണ്ടു. രമണ്‍ദീപും സുനിലും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. രമണ്‍ദീപിന്റെ ഷോട്ട് വലയില്‍ കയറി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഇന്ത്യ വീണ്ടും ഗോള്‍ നേടി.ലളിത് ഉപാദ്ധ്യായയാണ് ഇത്തവണ സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ഇന്ത്യ പൊരുതിക്കളിച്ചു. പക്ഷെ ഗോള്‍ നേടാനായില്ല. മൂന്നാം ക്വാര്‍ട്ടര്‍ വരെ ഇന്ത്യ 2-0 ന് മുന്നിട്ടു നിന്നു. അവസാന നിമിഷങ്ങളില്‍ മലേഷ്യ ഗോള്‍ മടക്കാനായി തകര്‍ത്തുകളിച്ചു. അമ്പതാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ മടക്കി. ഷാഹ്‌റില്‍ സാബയുടെ നീക്കമാണ് ഗോളായി മാറിയത്. തുടര്‍ന്ന് സമനിലക്കായി മലേഷ്യ പൊരുതിക്കയറിയെങ്കിലും ഇന്ത്യ ശക്തമായ പ്രതിരോധം തീര്‍ത്ത് അവസാന വിസില്‍ വരെ പിടച്ചുനിന്നു. ദക്ഷിണ കൊറിയയെ മൂന്നിനെതിരെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനം നേടി.