കോഹ്‌ലി ചരിത്രമെഴുതി; മുന്നില്‍ ഇനി സച്ചിന്‍ മാത്രം

Sunday 22 October 2017 11:27 pm IST

മുംബൈ: ഓസീസിന്റെ ഇതിഹാസതാരം റിക്കി പോണ്ടിങ്ങിനെ പിന്തള്ളി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായി. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചുറി കുറിച്ചതോടെയാണ് കോഹ്‌ലിക്ക് ഈ റെക്കോഡ് സ്വന്തമായത്. 200-ാം മത്സരം കളിക്കുന്ന കോഹ് ലിയുടെ 31-ാം സെഞ്ചുറിയാണിത്. ഇനി കോഹ്‌ലിക്ക് മുന്നില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രം. 49 സെഞ്ചുറികളുമായാണ് സച്ചിന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും സച്ചിനാണ് (51 സെഞ്ചുറി) ഒന്നാം സ്ഥാനത്ത്. ടെസ്റ്റില്‍ കോഹ് ലിക്ക് 17 സെഞ്ചുറികളുണ്ട്. കോഹ്‌ലി 121 റണ്‍സ് കുറിച്ചാണ് മടങ്ങിയത്. വാങ്കഡേ സ്‌റ്റേഡിയത്തില്‍ ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‌ലി.സച്ചിനും അസറുദ്ദീനുമാണ് ഇവിടെ സെഞ്ചുറി നേടിയ മറ്റ് ഇന്ത്യന്‍ കളിക്കാര്‍.