സമഗ്ര മാലിന്യ നിര്‍മാര്‍ജന യജ്ഞത്തിന് നവംബറില്‍ തുടക്കം

Sunday 22 October 2017 7:55 pm IST

പത്തനംതിട്ട: സമഗ്ര മാലിന്യ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായ പദ്ധതികള്‍ക്ക് നവംബര്‍ ഒന്നിന് തുടക്കമാകും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്, ലോഹങ്ങള്‍, ഇവെയ്സ്റ്റ് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കുന്നത്. ഹരിതകേരളം മിഷന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് നവംബര്‍ ഒന്ന് മുതല്‍ സമഗ്ര മാലിന്യ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാലിന്യ ശേഖരണത്തിനായുള്ള ഹരിതകര്‍മ സേനകളുടെ രൂപീകരണം നടക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ മറ്റ് ഏജന്‍സികളെ ഉപയോഗിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ ശേഖരിക്കും. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ എത്തിച്ച് അവിടെനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളിലേക്കും പ്ലാസ്റ്റിക് റീസൈക്കിള്‍ യൂണിറ്റുകളിലേക്കും കൈമാറും. മറ്റ് മാലിന്യങ്ങള്‍ പുന:ചംക്രമണത്തിനായി വിവിധ ഏജന്‍സികള്‍ക്ക് നല്‍കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ലീന്‍ കേരള കമ്പനിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് ക്ലീന്‍ കേരള കമ്പനിയു മായി പ്രത്യേക ധാരണാ പത്രത്തില്‍ ഒപ്പിടും. ഷ്രെഡ് ചെയ്യപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് ടാറിംഗിന് ഉപയോഗിക്കും. ഇതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കി കഴിഞ്ഞു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നവംബര്‍ ഒന്ന് മുതല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം എേര്‍പ്പെടുത്തും. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ഗ്രീന്‍ ആര്‍മി രൂപീകരിച്ച് പ്രത്യേക ബോധവത്ക്കരണ ക്ലാസുകളുംനടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.