എച്ച് ഐ വി എയ്ഡ്‌സ് ബോധവത്കരണത്തിനു കര്‍മ്മ സമിതി

Sunday 22 October 2017 8:09 pm IST

തൃശൂര്‍ : ജില്ലയില്‍ എച്ച്ഐ വി ബോധവത്കരണത്തിനായി കളക്ടര്‍ ഡോ: എ കൗശിഗന്റെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജില്ലയില്‍ ഉടനീളം തെരുവുനാടകം, ചുമര്‍ചിത്രരചന, റാലി തുടങ്ങി വിവിധ പ്രചാരണ പരിപാടികള്‍ നടത്തും. എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ ബോധവത്കരണ വിഭാഗത്തിന്റെ ജോയിന്റ് ഡയറക്ടര്‍ ജി.സുനില്‍കുമാര്‍ ജില്ലയിലെ എച്ച് ഐ വി ബാധിതരുടെ കണക്കുകള്‍ അവതരിപ്പിച്ചു. ജില്ലയില്‍ എയ്ഡസ് നിയന്ത്രിത ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ആദ്യവാരം മുതല്‍ നടപ്പാക്കാന്‍ എച്ച്.ഐ.വി നിയന്ത്രണ സൊസൈറ്റി ഏകോപന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ക്രമാതീതമായി വര്‍ദ്ധിച്ച എയ്ഡസ് ബാധ നിയന്ത്രിച്ചു നിര്‍ത്താനും ഇനിയുളള വര്‍ദ്ധനവിനെതിരെയും പ്രവര്‍ത്തിക്കാന്‍ ജില്ലാതലത്തില്‍ താഴെത്തട്ടു മുതല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ത്വരിതഗതിയിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനതലത്തില്‍ നവംബര്‍ 15 മുതലാണ് എയ്ഡസ് നിയന്ത്രിണ യജ്ഞം. തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ ആദ്യവാരം മുതല്‍ തന്നെ വിപുലമായ തോതില്‍ ബോധവത്ക്കരണ സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് വീട്ടമ്മമാരിലൂടെ ബോധവത്ക്കരണ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. പഞ്ചായത്ത് തലത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികനീതി വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍, സാക്ഷരതാ മിഷന്‍, അംഗന്‍വാടികള്‍, ആശപ്രവര്‍ത്തകര്‍, നെഹ്‌റു യുവകേന്ദ്ര, എസ്.പി.സി, ട്രാന്‍സ്‌ജെന്റഴേസ് എന്നിവരിലൂടെയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. വിവിധ മേഖലകളിലുളള തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. സ്‌കൂളുകള്‍, കോളേജുകള്‍, തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തും. കൂടാതെ റോഡ് ഷോ, എക്‌സിബിഷന്‍ എന്നിവയും ജില്ലയിലുട നീളം സംഘടിപ്പിക്കും. ജില്ലയില്‍ രോഗബാധിതര്‍ വര്‍ദ്ധിച്ചു വരുന്ന പ്രധാനസ്ഥലങ്ങളിലെല്ലാം ഇത്തരം രോഗനിയന്ത്രണ പദ്ധതി വിപുലപ്പെടുത്താനും ധാരണയായി. 44 വയസ്സിനും 45 വയസ്സിനും ഇടയിലുളളവരിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ബേബി ലക്ഷ്മി, രാംദാസ് (സാമൂഹികനീതി വകുപ്പ്), അനീഷ് വാവച്ചന്‍ (ദേശ് സുരക്ഷ മിഷന്‍), പി.ബി.മിനി (ജില്ലാ സാക്ഷരതാ മിഷന്‍), ഫൈസല്‍ സി (ട്രാന്‍സ്‌ജെന്റേഴ്‌സ് ജില്ലാ ബോര്‍ഡംഗം) എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.