ആര്‍എസ്ബിവൈ ചികിത്സാ സഹായം സ്വകാര്യ ആശുപത്രികള്‍ അട്ടിമറിക്കുന്നു

Sunday 22 October 2017 8:35 pm IST

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ആര്‍എസ്ബിവൈ ചികിത്സാ സഹായം സ്വകാര്യ ആശുപത്രികള്‍ അട്ടിമറിക്കുന്നു. തൊടുപുഴ താലൂക്കില്‍ പത്തോളം സ്വകാര്യ ആശുപത്രികളുണ്ടെങ്കിലും ഒരു ആശുപത്രിയില്‍ മാത്രമാണ് ആര്‍എസ്ബിവൈ ചികിത്സാ കാര്‍ഡുള്ളവരെ പരിഗണിക്കുന്നത്. മറ്റ് ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള ചികിത്സാ സഹായം അനുവദിക്കുന്നില്ല. ഇക്കാരണത്താല്‍ കാര്‍ഡ് എടുത്തിരിക്കുന്ന നിരവധിയാളുകള്‍ പരിമിതമായ സാഹചര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുകയാണ്. ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള പല മരുന്നുകളും പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയിലാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 30000 രൂപ വരെയുള്ള ചികിത്സകള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. റിലയന്‍സ്, ഐസിഐസിഐ, യുണൈറ്റഡ് ഇന്‍ഡ്യ എന്നീ ഇന്‍ഷ്വറന്‍സ് കമ്പനികളാണ് സര്‍ക്കാര്‍ നടപ്പാക്കിയ ആര്‍എസ്ബിവൈ ചികിത്സയ്ക്കുള്ള പണം ആശുപത്രികള്‍ക്ക് നല്‍കിയിരുന്നത്. ആശുപത്രികളിലെത്തി രേഖകള്‍ പരിശോധിക്കുന്ന ഘട്ടത്തില്‍ കിടത്തി ചികിത്സ ആവശ്യമില്ലാത്ത കേസുകളില്‍ കിടത്തിചികിത്സ നല്‍കിയെന്നും പദ്ധതിയുടെ പണം നല്‍കാന്‍ പറ്റില്ലെന്നും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അറിയിക്കും. ഇത്തരം കേസുകള്‍ പലതും റിപ്പോര്‍ട്ടായതോടെ തൊടുപുഴയിലെ പ്രമുഖമായ സ്വകാര്യ ആശുപത്രി അധികൃതര്‍ ആര്‍എസ്ബിവൈ പദ്ധതിയുടെ കാര്‍ഡുള്ളവര്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുകയായിരുന്നു. സര്‍ക്കാരും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റും ഇന്‍ഷ്വറന്‍സ് കമ്പനികളും കൂടി പാവങ്ങളെയാണ് സൗജന്യ ചികിത്സയുടെ പേരില്‍ വഞ്ചിച്ചിരിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.