നവയുഗപ്രഭാവന്‍

Sunday 22 October 2017 9:17 pm IST

ഈ ലേഖകന്‍ ലോ കോളേജ് പഠനം കഴിഞ്ഞ് തൃശ്ശൂരില്‍ എത്തിയപ്പോഴാണ് ഒരുദിവസം പുത്തേഴന്‍ സ്മാരക പ്രഭാഷണത്തിനായി പി.പരമേശ്വര്‍ജി തൃശ്ശൂരിലെത്തിയത്. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ രണ്ടു ദിവസത്തേക്ക് നോക്കാന്‍ നിശ്ചയിച്ചത് എന്നെയായിരുന്നു. ബൗദ്ധികതയുടെ വിസ്മയ ലോകത്തേക്ക് വാതിലുകള്‍ തുറന്നിട്ട അനുഭവമായിരുന്നു ആ രണ്ടു ദിവസം എനിക്കുണ്ടായത്. അന്നുമുതല്‍ പരമേശ്വര്‍ജിയുമായി തുടങ്ങിയ ഗുരുശിഷ്യ ബന്ധം ഇന്നും തുടരുന്നു. പിന്നീട് തൃശ്ശൂരില്‍ വരുമ്പോഴൊക്കെ അദ്ദേഹം മിക്കവാറും സ്വന്തം വീടുപോലെ താമസിക്കാന്‍ തിരഞ്ഞെടുത്തത് എന്റെ വീടായിരുന്നു.

പരമേശ്വര്‍ജിയുടെ പ്രവര്‍ത്തനം 1980-കളില്‍ ദല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് മാറ്റുന്നതിനുമുന്‍പ് അദ്ദേഹത്തെ മലയാളികള്‍ ഓര്‍ക്കുന്നത് രണ്ടു പ്രധാന പുസ്തകങ്ങളിലൂടെയാണ്. ഒന്ന് മഹര്‍ഷി അരവിന്ദനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും വളരെ ലളിതമായി മികച്ച ഭാഷാ സൗകുമാര്യത്തിന്റെ നിറവില്‍ പരിചയപ്പെടുത്തുന്ന ‘ശ്രീ അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍’ എന്ന പുസ്തകം. രണ്ട്, ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ചിന്തകളും കേരള സമൂഹത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ചുള്ള വളരെ മനോഹരമായ ‘ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന പുസ്തകം. ഈ പുസ്തകമാണ് ഇംഗ്ലീഷില്‍ “Sri Narayana Guru the Prophet of Renaissance” എന്ന പേരില്‍ ശ്രീനാരായണ ഗുരുവിനെ ആദ്യമായി, വ്യാപകമായി ഭാരതത്തിന് അകത്തും പുറത്തും പരിചയപ്പെടുത്തിയത്.

പരമേശ്വര്‍ജി വളരെക്കാലം ഭാരതീയ ജനസംഘത്തിന്റെ ദേശീയ നേതാവായിരുന്നു. അടിയന്തരാവസ്ഥയില്‍ അദ്ദേഹം ജയില്‍വാസമനുഭവിച്ചു. പിന്നീട് രാഷ്ട്രീയത്തോട് വിടചൊല്ലി ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി കുറേക്കാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1980-കളുടെ ആരംഭത്തില്‍ ദല്‍ഹിയോടു വിടപറഞ്ഞ് അദ്ദേഹം കേരളത്തിലെത്തിയ കാലഘട്ടം സവിശേഷത നിറഞ്ഞതായിരുന്നു. ഇഎംഎസ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ കേരളത്തിന്റെ ചിന്താ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന കാലം.

പുരോഗമനപരമായി ചിന്തിക്കുക എന്നാല്‍ കമ്മ്യൂണിസ്റ്റാകുക എന്ന് മലയാളി പറഞ്ഞിരുന്ന കാലം. ഞങ്ങളൊക്കെ കുറിതൊട്ട്, രാഖികെട്ടി കോളേജില്‍ പോയാല്‍ പിന്തിരിപ്പന്‍, പഴഞ്ചന്‍ കൂട്ടരെന്നു വിശേഷിപ്പിച്ചിരുന്ന കാലം. ക്ഷേത്രങ്ങളല്ല, ഫാക്ടറികളാണ് വേണ്ടതെന്നു കേരളം മുഴുവന്‍ ചുവരുകള്‍തോറും എഴുതി നിറച്ച കാലം. ആ കാലഘട്ടത്തിലാണ് ദേശീയതയുടെ, ഹിന്ദുത്വത്തിന്റെ അഭിമാന സൂചകങ്ങള്‍ മലയാളിയുടെ മനസ്സിലേക്ക് പരമേശ്വര്‍ജി ആവാഹിച്ചെടുത്തത്. പിന്നീടുള്ള കേരളചരിത്രം കാണുന്നത് ഇഎംഎസ്സിനോടൊപ്പം പരമേശ്വര്‍ജിയെ കേരളത്തിന്റെ ചിന്താ മണ്ഡലത്തില്‍ പ്രതിഷ്ഠിക്കുന്നതാണ്. ഇഎംഎസ് പതുക്കെ അതില്‍നിന്ന് നിഷ്‌കാസിതനാകുമ്പോഴും, പരമേശ്വര്‍ജി അവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.

ഭാരതീയ വിചാര കേന്ദ്രത്തിന്റെ രൂപീകരണത്തിന് കാരണമായ പ്രധാന ഘടകം അന്നത്തെ കേരളത്തിന്റെ വൈചാരിക മണ്ഡലത്തിലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആധിപത്യമായിരുന്നു. കേരളം മാര്‍ക്‌സിന്റെ ചിന്തകള്‍ക്ക് അപ്രമാദിത്വം കല്‍പിച്ചിരുന്ന കാലത്താണ് പരമേശ്വര്‍ജി മാര്‍ക്‌സിസത്തെയും ഭാരതീയ ചിന്തകളെയും തുലനം ചെയ്തുകൊണ്ടുള്ള പ്രഭാഷണ പരമ്പരകളുമായി കൊടുങ്കാറ്റുപോലെ കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെ ആഞ്ഞടിച്ചത്. ‘ഭഗവദ് ഗീതയും മാര്‍ക്‌സിസവും’ എന്ന അദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പര എല്ലാ ജില്ലകളിലും നടന്നപ്പോള്‍ അത് കേള്‍ക്കാനെത്തിയവരില്‍ വളരെപ്പേര്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ആയിരുന്നു. മാര്‍ക്‌സിസത്തിന്റെ അപ്രമാദിത്വത്തിന് ഉടവുതട്ടുന്നതില്‍ അത് വലിയ പങ്കുവഹിച്ചു. നിരവധി കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ഈ പ്രവര്‍ത്തനങ്ങള്‍ അടുപ്പിച്ചു. പിന്നീട് ‘വിവേകാനന്ദനും മാര്‍ക്‌സും’, ‘മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്ക്’, ‘മാര്‍ക്‌സിസത്തില്‍നിന്നും മാനവ ദര്‍ശനത്തിലേക്ക്’ തുടങ്ങിയ ആശയ സഞ്ചികകള്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റു പ്രത്യയ ശാസ്ത്രത്തിന്റെ ശവപ്പെട്ടിയില്‍ അടിച്ച ആണികളായിരുന്നു. മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ അങ്ങനെ കേരളത്തില്‍ അന്യംനിന്ന് പോകാന്‍ കാരണമായി.

ഇഎംഎസ് ഉറപ്പിക്കാന്‍ ശ്രമിച്ച മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തെ പരസ്യമായി ആശ്ലേഷിക്കാന്‍പോലും ധൈര്യപ്പെടാത്ത ഒരു കമ്മ്യൂണിസ്റ്റ് തലമുറയാണ് ഇന്ന് കേരളത്തില്‍ ഉള്ളതെങ്കില്‍, ദേശീയതയുടെ കാവല്‍ക്കാരായി നിരവധി പ്രസ്ഥാനങ്ങളാണ് കേരളത്തിലുള്ളത്. മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവും, ലോക കമ്മ്യൂണിസ്റ്റുകളെ ആവേശം കൊള്ളിച്ച ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികവും ആഘോഷിക്കാന്‍ ലജ്ജിക്കുന്ന കമ്മ്യൂണിസ്റ്റ് പിന്‍തലമുറയുടെ മുമ്പില്‍ വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജന്മവാര്‍ഷികവും, ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍, രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ തുടങ്ങിയവരുടെ ജന്മശതാബ്ദികളും നാട് മുഴുവന്‍ ആഘോഷിക്കുന്ന സംഘപരിവാറിനെയാണ് കേരളം കാണുന്നത്. പരമേശ്വര്‍ജിയെപ്പോലുള്ളവരുടെയും, അദ്ദേഹത്തിന്റെ പ്രസ്ഥാനം സൃഷ്ടിച്ചവരുടെയും പ്രവര്‍ത്തനഫലമാണിത്.

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം തിരുത്തിയെഴുതിയ വിശാലഹിന്ദു സമ്മേളനം (1984) നടക്കുന്നത് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും തന്ത്രശാസ്ത്ര പണ്ഡിതനുമായിരുന്ന പി.മാധവ്ജി, പി. പരമേശ്വര്‍ജി, ഹരിയേട്ടന്‍ (ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി) എന്നീ ത്രിമൂര്‍ത്തികളുടെ നേതൃത്വവും, ആര്‍എസ്എസ് പ്രാന്തപ്രചാരകായിരുന്ന കെ. ഭാസ്‌കര്‍ റാവുജിയുടെ സംഘടനാ പ്രവര്‍ത്തനവും ഒന്നിച്ചുവന്നപ്പോഴാണ്. അന്ന് എറണാകുളത്ത് എത്തിച്ചേര്‍ന്ന ഹിന്ദുമഹാ സാഗരത്തിലെ വെള്ളത്തുള്ളികള്‍ മാത്രമായിരുന്നു ഞങ്ങളെപ്പോലുള്ളവര്‍. കേരളത്തിലെ എല്ലാ ഹിന്ദുനേതാക്കളും ഒന്നിച്ച് ഒരു വേദിയില്‍ അണിചേര്‍ന്നുകൊണ്ട് ‘ഹിന്ദുക്കള്‍ നാം ഒന്നാണെ’ന്ന പരമേശ്വര്‍ജി എഴുതിയ ഗാനം ഏറ്റുചൊല്ലുന്നത് ഞങ്ങളെല്ലാം രോമാഞ്ചത്തോടെയാണ് കണ്ടുനിന്നത്.

പരമേശ്വര്‍ജിയോടൊപ്പം സംഘടനാ പ്രവര്‍ത്തനം നടത്താനുള്ള ഭാഗ്യമുണ്ടായത് ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങുമ്പോഴാണ്. അതിന്റെ ആദ്യയോഗം ഉദ്ഘാടനം ചെയ്യാനെത്തിയത് മറ്റൊരു മനീഷിയായ ദത്തോപന്ത് ഠേംഗ്ഡിയായിരുന്നു. പിന്നീട് പരമേശ്വര്‍ജിയുടെ നിരന്തര സഞ്ചാരത്തിലൂടെ വിചാര കേന്ദ്രം മലയാളിയുടെ വൈചാരിക ലോകത്തെ ഒഴിച്ചുകൂടാനാകാത്ത സ്ഥാപനമായി. പരമേശ്വര്‍ജിയോടൊപ്പം സമൂഹത്തിലെ പല നേതാക്കന്മാരെയും ബുദ്ധിജീവികളെയും കാണാന്‍ പോയപ്പോഴുള്ള അനുഭവം പിന്നീട് എക്കാലവും സംഘടനാ ജീവിതത്തില്‍ എനിക്ക് വഴികാട്ടിയായിരുന്നു. എത്ര വേഗത്തിലായിരുന്നു പലരെയും അദ്ദേഹം ലാളിത്യത്തോടെയുള്ള പെരുമാറ്റത്തിലൂടെ കീഴടക്കിയത്.

ഇതിനിടെ ദേശീയ തലത്തില്‍ വലിയ സ്ഥാനങ്ങള്‍ തേടിവന്നപ്പോള്‍ അദ്ദേഹം ചെറുപുഞ്ചിരിയോടെ, ഋഷിതുല്യനായി അതെല്ലാം നിരസിച്ചു. കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് ഒരു എംപി വേണമെന്നുവന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ബിജെപി നേതൃത്വം ആദ്യം സമീപിച്ചത് പരമേശ്വര്‍ജിയെയാണ്. പക്ഷെ വളരെ എളിമയോടെ അദ്ദേഹം അത് വേണ്ടെന്നു പറഞ്ഞു.

അദ്ദേഹം എഴുതിയ ‘കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയത്തിലേക്ക്’ എന്ന ചെറുപുസ്തകം സാംസ്‌കാരിക കേരളത്തിന്റെ പാഠപുസ്തകമാണ്. ആ പുസ്തകം വായിക്കാത്ത ആര്‍ക്കുംതന്നെ കേരളത്തിന്റെ സമീപകാല സാംസ്‌കാരിക ചരിത്രം മനസ്സിലാകുക അസാദ്ധ്യമാണ്. ചിന്മയാനന്ദനുശേഷം ഭഗവദ് ഗീതയെ കേരളത്തില്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞത് പരമേശ്വര്‍ജി രൂപംനല്‍കിയ ‘ഗീതാ സ്വാധ്യായ കേന്ദ്രം’ ആണ്.

ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം ലഭിക്കാന്‍ ഭാഗ്യമുണ്ടായത് ‘വിവേകാനന്ദ കേന്ദ്ര’ത്തിന്റെ പ്രസിഡന്റ് ആയപ്പോള്‍ അതിന്റെ പ്രവര്‍ത്തകര്‍ക്കാണ്. സംഘ മഹാപ്രസ്ഥാനത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും എക്കാലത്തെയും സൗഭാഗ്യമാണ് പരമേശ്വര്‍ജി. അദ്ദേഹത്തിന് ലക്ഷാവധിപേര്‍ നവതിപ്രണാമം അര്‍പ്പിക്കുമ്പോള്‍ ഭഗവാന്റെ അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം ‘ശതായുര്‍ ഭവഃ’.

യുഗപ്രഭാവന്മാരോടൊപ്പം യുവാവായ പരമേശ്വര്‍ജി എന്ന തലവാചകത്തില്‍
കേസരി വാരിക 1958 ഒക്‌ടോബര്‍ അഞ്ചിന്റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ചിത്രം

ഇരിക്കുന്നവര്‍: ഇടത്തുനിന്ന് ദത്തോപന്ത് ഠേംഗ്ഡി (ഭാരതീയ മസ്ദൂര്‍ സംഘം ജനറല്‍ സെക്രട്ടറി), പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ (ജനറല്‍ സെക്രട്ടറി, ഭാരതീയ ജന സംഘം), ജഗന്നാഥറാവു ജോഷി (ദക്ഷിണമേഖല ജനസംഘം സെക്രട്ടറി). നില്‍ക്കുന്നവര്‍: ഇടത്തുനിന്ന് പി.പരമേശ്വര്‍ജി (കേരള പ്രദേശ് ജനസംഘം സംഘടനാ സെക്രട്ടറി), ടി.എന്‍. ഭരതന്‍ (കേരളത്തിലെ ജനസംഘത്തിന്റെ ആദ്യകാല നേതാവ്)

പരമേശ്വര്‍ജിയുടെ മുന്‍കാല ചരിത്രം പരതിയപ്പോള്‍ 1958 ജൂണ്‍ 22-ലെ ‘കേസരി’ വാരികയില്‍ അദ്ദേഹത്തിന്റെ വളരെ ലഘുവായ ജീവചരിത്രം കൊടുത്തിട്ടുള്ളതായി കണ്ടു. 1958-ല്‍ പരമേശ്വര്‍ജിയെ ഭാരതീയ ജനസംഘം കേരള പ്രദേശ് സംഘടനാ കാര്യദര്‍ശിയായി തെരഞ്ഞെടുത്ത പശ്ചാത്തലത്തില്‍ ‘കേസരി’പറയുന്ന ലഘുജീവചരിത്രം ഇങ്ങനെ:

”31 വയസ്സുള്ള ഉന്മേഷവദനനും, ഊര്‍ജ്ജസ്വലനുമായ ശ്രീ പരമേശ്വരന്‍ എളയത് തിരുവിതാംകൂറിലെ ചേര്‍ത്തല താലൂക്കിലാണ് ജനിച്ചത്. ഒരു തികഞ്ഞ ദേശീയാഭിമാനിയും, ആര്‍ജ്ജവനിരതനും, സാമൂഹിക ചിന്തകനുമായിട്ടാണ് വിദ്യാര്‍ത്ഥിജീവിതം അദ്ദേഹം നയിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ഒന്നാം ക്ലാസ്സായി ബി.എ. (ഓണേഴ്‌സ്) പരീക്ഷയില്‍ വിജയിച്ചതിനുശേഷം സാംസ്‌കാരികവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തുകൊണ്ടിരുന്നു. ഹിന്ദുധര്‍മ്മ പഠന പ്രചരണങ്ങള്‍ക്ക് അദ്ദേഹം മുന്നിട്ടുനിന്നിട്ടുണ്ട്.

നല്ലൊരു വാഗ്മിയും, ഗ്രന്ഥകാരനും, കലാകാരനുമെന്ന നിലയിലും ശ്രീ പരമേശ്വര്‍ജി കേരളത്തിലും, പുറത്തും പലരുടെയും പ്രശംസയ്ക്കു പാത്രീഭൂതനായി. ‘ഭാരതത്തില്‍ വിദേശ പാതിരിമാരുടെ പ്രവര്‍ത്തനം’ തുടങ്ങിയ പുസ്തകങ്ങളുടെ കര്‍ത്താവാണദ്ദേഹം.

ശ്രീ പരമേശ്വര്‍ജി 1949-ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കുറേക്കാലം ഇദ്ദേഹം സ്തുത്യര്‍ഹമാംവിധം ‘കേസരി’ വാരികയുടെ മേല്‍നോട്ടം വഹിച്ചിരുന്നു. 1950 മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പ്രചാരകനെന്ന നിലയില്‍ സമര്‍ത്ഥമാം വണ്ണം പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇങ്ങനെ എല്ലാ തുറകളിലും പരിചയ സമ്പന്നനും, പ്രവര്‍ത്തന ചാതുര്യവും ആദര്‍ശ നിഷ്ഠയും തികഞ്ഞ ഈ യുവനേതാവിന്റെ നേതൃത്വത്തില്‍ ജനസംഘം പുരോഗമനോന്മുഖമായി അനുദിനം വളര്‍ന്നു പരിപുഷ്ടമാകുമെന്നു നമുക്ക് നിശ്ചയമായും പ്രതീക്ഷിക്കാവുന്നതാണ്.”