എല്‍ഡിഎഫ് യാത്രയിലെ സ്ത്രീ പങ്കാളിത്തക്കുറവ് ചര്‍ച്ചയാകുന്നു

Sunday 22 October 2017 11:12 pm IST

കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍ നയിക്കുന്ന യാത്രയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവ് ചര്‍ച്ചയാകുന്നു. പൂര്‍ണ്ണമായും പുരുഷ മേധാവിത്വമായിരുന്നു ഉദ്ഘാടനവേദി. സദസ്സില്‍ സ്ത്രീ പങ്കാളിത്തം നന്നേ കുറവായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനവുമായി സ്ത്രീകള്‍ അകലുന്നുവെന്നതിന്റെ സൂചനയാണ് ഇത് കാണിക്കുന്നത്. മഹിളാ അസോസിയേഷന്റെ ജില്ലാ നേതാക്കളെ പോലും ക്ഷണിക്കുകയോ വേദിയില്‍ ഇരിപ്പിടം നല്‍കുകയോ ചെയ്തിട്ടില്ല. സിപിഎം യാത്രകളും ജാഥകളും മറ്റും സംഘടിപ്പിച്ചാല്‍ മുന്‍നിരയില്‍ത്തന്നെ നൂറുകണക്കിന് സ്ത്രീകള്‍ ഇടംപിടിക്കുന്ന സ്ഥാനത്ത് ഇന്നലെ സദസ്സില്‍ വളരെ ശുഷ്‌കമായ സ്ത്രീ സാന്നിധ്യം മാത്രമേയുണ്ടായിരുന്നുള്ളു. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരെ കൊലക്കത്തിക്കിരയാക്കിയും വീടുകളും സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തുമുള്ള മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേരളത്തിലെ നരനായാട്ട് ഈ പ്രസ്ഥാനത്തില്‍ നിന്ന് സ്ത്രീകളെ അകറ്റുന്നുവെന്നതിന്റെ തെളിവാണ് ഇത്. സിപിഎം അക്രമണത്തിന് ഇരയാവരുടെ കുടുംബങ്ങളിലെ മാതൃവിലാപങ്ങള്‍ കേരളീയ സ്ത്രീസമൂഹമേറ്റെടുത്തിരിക്കുകയാണ്. സിപിഎം പരിപാടികള്‍ക്ക് കുടുംബശ്രീകളില്‍ നിന്നും തൊഴിലുറപ്പ് പദ്ധതികളില്‍ നിന്നും ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ ഇറക്കിയാണ് ജനപങ്കാളിത്തം കാണിക്കാറ്. പക്ഷെ അത്തരം വിരട്ടലുകള്‍ സ്ത്രീകള്‍ തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവാണിത്. സ്ത്രീസമത്വം വേണമെന്ന് മുറവിളികൂട്ടുന്ന സിപിഎമ്മിന്റെ ചടങ്ങുകളില്‍ സ്ത്രീ പങ്കാളിത്തം കുറയുന്ന കാഴ്ച നേതാക്കളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അടുത്തകാലത്തായി എല്‍ഡിഎഫ് മന്ത്രിമാര്‍ നടത്തിയ സ്ത്രീവിരുദ്ധമായ പ്രസ്ഥാവനകളും മറ്റും സ്ത്രീ സമൂഹം മാറിച്ചിന്തിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. എല്‍ഡിഎഫ് നേതൃത്വ നിരകളില്‍ നിന്ന് സ്ത്രീകള്‍ അകറ്റി നിര്‍ത്തപ്പെടുകയാണെന്ന ആക്ഷേപം ശക്തമാവുകയാണ്. പലസ്ഥലങ്ങളിലും പാര്‍ട്ടി സ്ഥാനങ്ങള്‍ വീതംവെച്ചെടുത്തപ്പോള്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് ആരോപണമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് അവകാശങ്ങള്‍ക്കു വേണ്ടിയും അക്രമങ്ങള്‍ക്കുമെതിരായി വ്യാപകമായി സ്ത്രീകള്‍ തെരുവിലിറങ്ങുന്ന കാഴ്ചയ്ക്കാണ് സമീപകാലത്ത് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പയ്യന്നൂരില്‍ മാര്‍കിസ്റ്റ് അക്രമണത്തിന് ഇരയായ കുടുംബങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ദിവസങ്ങളോളം അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്നു. സ്വാകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ വേതന വര്‍ദ്ധനവിനും മറ്റുമായി തെരുവിലിറങ്ങി. ആ സമരത്തില്‍ സര്‍ക്കാര്‍ മാനേജുമെന്റുകള്‍ക്ക് ആനുകൂലമായ നിലപാടാണ് ഒരു പരിധിവരെ സ്വീകരിച്ചത്. വ്യാപകമായ ഇത്തരം സംഭവങ്ങളില്‍ സ്ത്രീസമൂഹം അസന്തുഷ്ടരാണെന്നതിന്റെ തെളിവാണ് യാത്രകളിലെ പങ്കാളിത്ത കുറവ് പ്രകടമാക്കുന്നത്.