പാരാമെഡിക്കല്‍ കൗണ്‍സില്‍ വൈകുന്നു; കൂണുകള്‍ പോലെ പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍

Sunday 22 October 2017 9:56 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നു. സര്‍ക്കാര്‍ നിയന്ത്രണമോ, നിരീക്ഷണമോ ഇല്ലെന്നതിനാല്‍ പെട്ടിക്കടയിലും കോഴ്‌സ് തുടങ്ങാമെന്നതാണ് സ്ഥിതി. പ്രത്യേക യോഗ്യതകളോ, അടിസ്ഥാന സൗകര്യങ്ങളോ വേണമെന്നില്ല. തരംപോലെ ഫീസും പിരിച്ചെടുക്കാം. കോഴ്‌സുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മിക്ക സ്ഥാപനങ്ങളുടേയും തട്ടിപ്പ്. സംസ്ഥാനത്ത് ആയിരത്തിലധികം അനധികൃത സ്ഥാപനങ്ങളുണ്ടെന്നാണ് ക്ലിനിക്കല്‍ ലബോറട്ടറി പ്രൊഫഷണല്‍ അസോസിയേഷന്‍ അടുത്തിടെ നടത്തിയ കണക്കെടുപ്പില്‍ വെളിവായത്. ഇത്തരം സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരം അസോസിയേഷന്‍ സര്‍ക്കാരിന് കൈമാറിയെങ്കിലും ഇതേവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. ലാബ് ടെക്‌നീഷ്യന്‍, എക്‌സ് റെ ടെക്‌നീഷ്യന്‍, ഫാര്‍മസി അസിസ്റ്റന്റ് കോഴ്‌സുകളാണ് തട്ടിക്കൂട്ട് പ്രസ്ഥാനങ്ങള്‍ പ്രധാനമായും നടത്തുന്നത്. ആറു മുതല്‍ രണ്ട് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് എസ്എസ്എല്‍സി ജയിച്ചവരെയും തോറ്റവരെയും പ്രവേശിപ്പിക്കും. മറ്റൊരു കോഴ്‌സിനും പ്രവേശനം കിട്ടാതാകുന്ന കുട്ടികളാണ് ഇവരുടെ ഇരകള്‍. പല സ്ഥാപനങ്ങളും സ്വകാര്യ ലാബുകള്‍ സൈഡ് ബിസിനസായി നടത്തുന്നുണ്ട്. പഠിക്കാനെത്തുന്ന കുട്ടികളെ കൊണ്ടു തന്നെ ഇവിടുത്തെ ജോലികളും ചെയ്യിപ്പിക്കും. ഫീസിനൊപ്പം ഇതില്‍ നിന്നുള്ള അധിക വരുമാനവും ഉടമയ്ക്ക് ലഭിക്കുന്നു. മോഹിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയും ഇടനിലക്കാര്‍ വഴിയുമാണ് കുട്ടികളെ കണ്ടെത്തല്‍. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പരീക്ഷ എഴുതാന്‍ സ്ഥാപനം തന്നെ സംവിധാനമുണ്ടാക്കുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഇവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജോലി തേടി പോകുമ്പോഴാണ് കുട്ടികള്‍ക്ക് ചതി ബോധ്യമാകുന്നത്. നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ നിയന്ത്രിക്കുവാന്‍ നഴ്‌സിംഗ് കൗണ്‍സിലും ഫാര്‍മസി കൗണ്‍സിലും സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാല്‍ പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രൂപീകരണം വൈകിപ്പിക്കുകയാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടും സംസ്ഥാന നിയമസഭ ഇതേവരെ പാസാക്കിയിട്ടില്ല. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ആക്ട് നിലവില്‍ വന്നെങ്കിലും ഇവിടെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ആക്ട് പലതവണ മാറ്റിവച്ചു. ഇത് അനധികൃത പാരാമെഡിക്കല്‍ കോഴ്‌സ് നടത്തുന്നവര്‍ക്ക് തട്ടിപ്പു നടത്താന്‍ അനുഗ്രഹമാകുന്നു.