സൈനിക സ്‌കൂളുകളില്‍ ആറ്, ഒന്‍പത് ക്ലാസുകളില്‍ പ്രവേശനം

Sunday 22 October 2017 9:38 pm IST

ഭാരതത്തിലെ ൈസനിക സ്‌കൂളുകളില്‍ 6, 9 ക്ലാസുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ സമയമായി. 2018 ജനുവരി 7 ഞായറാഴ്ച നടത്തുന്ന അഖിലേന്ത്യാ പ്രവേശനപരീക്ഷയിലൂടെയാണ് സെലക്ഷന്‍. രാജ്യത്തൊട്ടാകെ 26 സൈനിക സ്‌കൂളുകളാണുള്ളത്. കേരളത്തില്‍ തിരുവവനന്തപുരം കഴക്കൂട്ടത്തും തമിഴ്‌നാട്ടില്‍ അമരാവതി നഗറിലും കര്‍ണാടകത്തില്‍ ബിജാപൂര്‍, കൊടക് എന്നിവിടങ്ങളിലുമാണ് സൈനിക സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണിത്. പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രം. സായുധസേനയില്‍ പ്രവേശിക്കുന്നതിന് വിദ്യാര്‍ത്ഥികളെ അക്കാദമികമായും മാനസികമായും കായികമായും സജ്ജരാക്കുകയാണ് ഈ പാഠ്യപദ്ധതിയുടെ മുഖ്യലക്ഷ്യം. അച്ചടക്കത്തിലധിഷ്ഠിതമായ മികച്ച വിദ്യാഭ്യാസ രീതിയാണിവിടെയുള്ളത്. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലും ഇന്ത്യന്‍ നേവല്‍ അക്കാഡമിയിലും മറ്റും ഓഫീസര്‍പദവിയിലെത്താന്‍ സഹായകമാണ് സൈനിക സ്‌കൂള്‍ വിദ്യാഭ്യാസം. കേരളത്തിലെ ഏക സൈനിക സ്‌കൂളാണ് തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ളത്. ഇവിടെ ആറാം ക്ലാസില്‍ 60 സീറ്റുകളും ഒന്‍പതാം ക്ലാസില്‍ 10 സീറ്റുകളുമാണുള്ളത്. യോഗ്യത: ആറാം ക്ലാസ് പ്രവേശനത്തിന് 2007 ജൂലൈ രണ്ടിനും 2008 ജൂലൈ ഒന്നിനും മധ്യേ ജയിച്ചവരാകണം. പത്തു വയസിനു താഴെയോ പതിനൊന്ന് വയസിന് മുകളിലോ ആകരുത്. എന്‍ട്രന്‍സ് പരീക്ഷ സിബിഎസ്ഇ അഞ്ചാംക്ലാസ് നിലവാരത്തിലായിരിക്കും. ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് 2004 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. 13 വയസ്സിന് താഴെയോ 14 വയസിന് മുകളിലോ ആകരുത്. അംഗീകൃത സ്‌കൂളില്‍ 8-ാം ക്ലാസില്‍ പഠിക്കുന്നവരാകണം. എന്‍ട്രന്‍സ് പരീക്ഷ സിബിഎസ്ഇ 8-ാം ക്ലാസ് നിലവാരത്തിലായിരിക്കും. അപേക്ഷ ഓണ്‍ലൈനായോ സൈനിക് സ്‌കൂളില്‍നിന്ന് അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ചോ സമര്‍പ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മാതൃകാ ചോദ്യപേപ്പറും രജിസ്‌റ്റേര്‍ഡ് തപാലില്‍ ലഭിക്കുന്നതിന് 450 രൂപയുടെ (പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 300 രൂപയുടെ മതി) ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം എഴുതി ആവശ്യപ്പെടണം. പ്രിന്‍സിപ്പലിന് തിരുവനന്തപുരത്ത് മാറ്റാവുന്ന തരത്തിലാവണം ഡിമാന്‍ഡ് ഡ്രാഫ്റ്റ്. സൈനിക സ്‌കൂളില്‍നിന്ന് നേരിട്ട് വാങ്ങുന്നതിന് യഥാക്രമം 400 രൂപ, 250 രൂപ എന്നിങ്ങനെ മതിയാകും. അപേക്ഷാഫോറം നവംബര്‍ 30 വരെ വിതരണം ചെയ്യുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം 2017 ഡിസംബര്‍ 5 ന് മുമ്പ് കിട്ടത്തക്കവണ്ണം ദി പ്രിന്‍സിപ്പല്‍, സൈനിക് സ്‌കൂള്‍ കഴക്കൂട്ടം, സൈനിക് സ്‌കൂള്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം-695585 എന്ന വിലാസത്തില്‍ അയക്കണം. www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ ഓണ്‍ലൈനായി പൂരിപ്പിച്ചും നിശ്ചിത ഫീസോടുകൂടി സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രോസ്‌പെക്ടസിലുണ്ട്. പ്രവേശനപരീക്ഷ ജനുവരി 7 ന് കഴക്കൂട്ടം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട്, കവരത്തി (ലക്ഷദ്വീപ്) കേന്ദ്രങ്ങളിലായി നടക്കും. ആറാംക്ലാസ് പ്രവേശനപരീക്ഷയില്‍ മാത്തമാറ്റിക്‌സില്‍ 150 മാര്‍ക്കിനും പൊതുവിജ്ഞാനത്തില്‍ (സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്) 50 മാര്‍ക്കിനും ഭാഷയില്‍ 50 മാര്‍ക്കിനും ഇന്റലിജന്‍സില്‍ 50 മാര്‍ക്കിനും ചോദ്യങ്ങളുണ്ടാവും. മൊത്തം 300 മാര്‍ക്കിനാണ് പരീക്ഷ. ഒന്‍പതാംക്ലാസ് പ്രവേശന പരീക്ഷയില്‍ മാത്തമാറ്റിക്‌സില്‍ 200 മാര്‍ക്കിനും ഇംഗ്ലീഷ്, ഇന്റലിജന്‍സ്, ജനറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് എന്നിവയില്‍ 50 മാര്‍ക്ക് വീതവും ആകെ 400 മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. പ്രവേശനപരീക്ഷയുടെ മെരിറ്റ് ലിസ്റ്റ് ഫെബ്രുവരി 8 ന് പ്രസിദ്ധീകരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത അഭിമുഖവും മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും ഫെബ്രുവരി 19 നും മാര്‍ച്ച് 10 നും മധ്യേ നടത്തും. ഫൈനല്‍ മെരിറ്റ് ലിസ്റ്റ് മാര്‍ച്ച് 19 ന് പ്രസിദ്ധപ്പെടുത്തും. അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ മെരിറ്റ് പരിഗണിച്ച് വ്യക്തിഗത അഭിമുഖവും ഫിറ്റ്‌നസ് ടെസ്റ്റും നടത്തിയാണ് അഡ്മിഷന്‍. മൊത്തം സീറ്റുകളില്‍ 15 ശതമാനം പട്ടികജാതിക്കാര്‍ക്കും 7.5 % പട്ടികവര്‍ഗ്ഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ശേഷിച്ച സീറ്റുകളില്‍ 67 ശതമാനം കേരളീയര്‍ക്കും 33 ശതമാനം അന്യസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിക്കും. ഓരോ കാറ്റഗറിയിലും 25 % സീറ്റുകളില്‍ ഡിഫന്‍സ് സര്‍വ്വീസസ് ജീവനക്കാരുടെയും വിമുക്തഭടന്മാരുടെയും കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതാണ്. സിബിഎസ്ഇയോട് അഫിലിയേറ്റ് ചെയ്താണ് കോഴ്‌സുകള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍-www.sainikschooladmission.in, www.sainikschooltvm.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.