ഒപ്പം താമസിച്ച സ്ത്രീയെ കൊന്ന് അറുപതുകാരന്‍ ജീവനൊടുക്കി

Sunday 22 October 2017 9:53 pm IST

കഞ്ഞിക്കുഴി(ഇടുക്കി): ഇരുപത്തിയാറ് വര്‍ഷം ഒപ്പം താമസിച്ച സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി അറുപതുകാരന്‍ തൂങ്ങി മരിച്ചു. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മൈലപ്പുഴയിലാണ് സംഭവം. മൈലപ്പുഴ കൊല്ലംപറമ്പില്‍ ദാമോദരനാണ് ഒപ്പം താമസിച്ച സുമ(50)യെ ഇരുമ്പ് കമ്പിക്ക് തലയ്ക്കടിച്ച ശേഷം വീടിന്റെ സിറ്റ്ഔട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ പുലര്‍ച്ചെ പാല്‍വില്‍പ്പനയ്ക്ക് പോയ യുവാവാണ് ദാമോദരനെ വീടിന് മുന്‍വശത്തെ സിറ്റ്ഔട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കഞ്ഞിക്കുഴി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ സുമ അടിയേറ്റ് മരിച്ച് കിടക്കുന്നത് കണ്ടെത്തി. ഇടുക്കി എസ്പി വേണുഗോപാല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മോഹന്‍ദാസ്, കഞ്ഞിക്കുഴി സിഐ വര്‍ഗീസ് എന്നിവരടങ്ങുന്ന ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍ നിന്ന് ദാമോദരനെഴുതിയ കുറിപ്പ് കണ്ടെടുത്തു. ഒപ്പം താമസിക്കുന്ന സുമ വീട് വിട്ട് പോകുമെന്ന് ഭയന്നാണ് കൊലപാതകം നടത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് നീക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.