കപ്പല്‍ സമരം: ഓഫീസര്‍മാരെ ജീവനക്കാര്‍ തടഞ്ഞു; കവരത്തിയുടെ യാത്ര മുടങ്ങി

Monday 10 September 2012 11:13 pm IST

പള്ളുരുത്തി: തിങ്കളാഴ്ച ജോലിക്കെത്തിയ മര്‍ച്ചന്റ്‌ നേവി ഓഫീസര്‍മാരെ ലക്ഷദ്വീപ്‌ കപ്പല്‍ ജീവനക്കാര്‍ തടഞ്ഞു. 12 മണിക്ക്‌ യാത്രപുറപ്പെടേണ്ട എംവി കവരത്തിയുടെ യാത്രമുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി വേതനവര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ മര്‍ച്ചന്റ്‌ നേവി ഓഫീസര്‍മാര്‍ നടത്തിവന്നിരുന്ന സമരം ശനിയാഴ്ച ലക്ഷദ്വീപ്‌ ഡെവലപ്പ്മെന്റ്‌ കോര്‍പ്പറേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്‌ പിന്‍വലിച്ചിരുന്നു. ഓഫീസര്‍മാരുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ സിഫാറേഴ്സ്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ (ബിഎംഎസ്‌) രംഗത്ത്‌ വന്നിരുന്നു. ലക്ഷദ്വീപ്‌ ഡെവലപ്പ്മെന്റ്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ നഗ്നമായ ലംഘനമാണ്‌ തിങ്കളാഴ്ച നടന്നതെന്ന്‌ ബിഎംഎസ്‌ ഭാരവാഹികള്‍ പറഞ്ഞു. ലക്ഷദ്വീപ്‌ ഡെവലപ്പ്മെന്റ്‌ കോപറേഷന്‍ അധികൃതര്‍ നടത്തിയ രഹസ്യനിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ ഓഫീസര്‍മാരെ ലക്ഷദ്വീപിലെ തൊഴിലാളികള്‍ തടഞ്ഞതെന്ന്‌ ബിഎംഎസിന്റെ ഭാരവാഹികള്‍ ആരോപിച്ചു. കപ്പലിലെ ചീഫ്‌ എഞ്ചിനീയര്‍ ഗോവിന്ദന്‍ കുട്ടി, റേഡിയോ ഓഫീസര്‍ പ്രവീണ്‍ എന്നിവര്‍ ജനറല്‍ മാനേജരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനത്തെ ചോദ്യംചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ്‌ ഓഫീസര്‍മാരുടെ ജോലിനിഷേധത്തിലൂടെ തെളിയുന്നത്‌. സംഭവത്തെത്തുടര്‍ന്ന്‌ എറണാകുളം ജില്ലാകളക്ടര്‍ ഷെയ്ക്ക്‌ പരീത്‌ തുറമുഖത്തെ ലക്ഷദ്വീപ്‌ ആസ്ഥാനത്തെത്തി തൊഴിലാളികളുമായും ലക്ഷദ്വീപ്‌ അധികൃതരുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. യാത്രക്കാരായ 750 ഓളം ദ്വീപ്‌ നിവാസികള്‍ എം.വി.കവരത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്‌. ബോധപൂര്‍വ്വം ദ്വീപ്‌ നിവാസികളെ പ്രകോപിപ്പിച്ച്‌ ഉത്തരവാദിത്തം മര്‍ച്ചന്റ്‌ നേവി ഓഫീസര്‍മാരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ്‌ ലക്ഷദ്വീപ്‌ അധികൃതര്‍ നടത്തുന്നതെന്നും ഓഫീസര്‍മാര്‍ കുറ്റപ്പെടുത്തി. ലക്ഷദ്വീപിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നും കടുത്ത മാനസിക പീഡനവും തങ്ങള്‍ക്ക്‌ നേരിടേണ്ടിവരുന്നുവെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടി. കടുത്ത തീവ്രവാദികളെപ്പോലെയാണ്‌ പലപ്പോഴും പെരുമാറുന്നതെന്നും ഇവര്‍ പറഞ്ഞു. അതേസമയം കപ്പലിലെ ജീവനക്കാര്‍ക്ക്‌ പോലീസ്‌ സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന്‌ പോര്‍ട്ട്‌ ആന്റ്‌ ഷിപ്പ്‌യാര്‍ഡ്‌ മസ്ദൂര്‍സംഘ്‌ അഖിലേന്ത്യാ സെക്രട്ടറി വി.സുധാകരന്‍, ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ എ.ഡി.ഉണ്ണികൃഷ്ണന്‍, സീഫാറേഴ്സ്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ (ബിഎംഎസ്‌) പ്രസിഡന്റ്‌ കെ.എസ്‌.അനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.