ഇത് രാജ്യത്തിനുള്ള വിലമതിക്കാനാകാത്ത സമ്മാനം: മോദി

Sunday 22 October 2017 10:13 pm IST

ഗുജറാത്തിലെ ഖോഖയില്‍ നിന്നും ദഹെജിലേക്കുള്ള ഫെറി സര്‍വ്വീസ് ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സമുദ്രപൂജ നടത്തുന്നു

ന്യൂദല്‍ഹി: ശക്തമായ അടിത്തറയിലാണ് നമ്മുടെ സമ്പദ് വ്യവസ്ഥ നിലകൊള്ളുതെന്നും അത് ശരിയായ പാതയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാന്തര സമ്പദ് മേഖലകളെ ഇല്ലാതാക്കി കണക്കും കൃത്യതയും ഉറപ്പാക്കാന്‍ സാധിച്ചതായി നോട്ട് റദ്ദാക്കലും ചരക്ക് സേവന നികുതിയും പരാമര്‍ശിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.

ഗുജറാത്തിലെ ഖോഖയില്‍ നിന്നും ദഹെജിലേക്കുള്ള ഫെറി സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫെറി സര്‍വ്വീസ് പദ്ധതിയാണിത്. രാജ്യത്തിനുള്ള വിലമതിക്കാനാകാത്ത സമ്മാനമെന്നാണ് പദ്ധതിയെ മോദി വിശേഷിപ്പിച്ചത്.

കള്ളപ്പണ മാഫിയകളെ തകര്‍ത്തു. സാമ്പത്തിക മേഖലയെ ശുദ്ധീകരിച്ചു. പുതിയ വ്യവസായ സംസ്‌കാരം കൊണ്ടുവരാന്‍ ജിഎസ്ടി നടപ്പാക്കിയതിലൂടെ സാധിച്ചു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച കോണ്‍ഗ്രസ്സിനെ മോദി പരിഹസിച്ചു. കമ്മീഷന്റെ അനുവാദപ്രകാരം വോട്ടെണ്ണല്‍ രണ്ടാമതും നടത്തി വിജയിച്ചവര്‍ ഇപ്പോള്‍ കമ്മീഷനെ കുറ്റം പറയുകയാണ്. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് ജയിച്ചത് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു മോദി.

ഖോഖ- ദഹെജ് ഫെറി സര്‍വ്വീസ് വര്‍ഷങ്ങളായി ജനങ്ങളുടെ ആഗ്രഹമാണ്. താനും ചെറുപ്പം മുതല്‍ പദ്ധതിയെക്കുറിച്ച് കേള്‍ക്കുന്നതാണ്. എന്നാല്‍ ഇത്രയും കാലം ആഗ്രഹം നിറവേറ്റപ്പെട്ടില്ല. വികസനത്തിന് പരിഗണന നല്‍കാതിരുന്നവര്‍ ഭരിച്ചതിന്റെ ഫലമാണിത്, പ്രധാനമന്ത്രി പറഞ്ഞു.

വഡോദരയില്‍ മൂവായിരം പേര്‍ക്കുള്ള ഭവന പദ്ധതി ഉള്‍പ്പെടെ 1400 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിര്‍വ്വഹിച്ചു.

ഇതു വരെ എട്ട് മണിക്കൂര്‍ ഇനി ഒരു മണിക്കൂര്‍

ഇന്നലെ തുടക്കം കുറിച്ച റോള്‍ ഓണ്‍-റോള്‍ ഓഫ് (റോ റോ) ഫെറി സര്‍വ്വീസ് പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതി.

615 കോടി ചെലവുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ഭാവ്‌നഗര്‍ ജില്ലയിലെ ഖോഖോയില്‍ നിന്ന് ബറൂട്ടിലെ ദഹേജ് വരെ, ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫെറി സര്‍വ്വീസാണ്. ഇരുനഗരങ്ങളും തമ്മില്‍ റോഡ് മാര്‍ഗ്ഗം എട്ട് മണിക്കൂര്‍ യാത്രയുണ്ട്. ഫെറി സര്‍വ്വീസ് യാഥാര്‍ത്ഥ്യമായതോടെ ഇനി വെറും ഒരു മണിക്കൂര്‍ മതി. 360 കിലോമീറ്റര്‍ 31 കിലോമീറ്ററായി ചുരുങ്ങി!.

ട്രക്കുള്‍പ്പെടെ നൂറ് വാഹനങ്ങളും ഒറ്റ യാത്രയില്‍ കടത്താം. 1960 മുതല്‍ ആവശ്യമുയര്‍ന്ന പദ്ധതിക്ക് 2012ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോഴാണ് തുടക്കമിട്ടത്. റോ റോ ഫെറിയിലാണ് ഉദ്ഘാടനത്തിനായി മോദിയെത്തിയത്.