തിരിച്ചെത്തി എറണാകുളം

Sunday 22 October 2017 10:39 pm IST

സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ കോതമംഗലം മാര്‍ ബേസിലിലെ റിജു വര്‍ഗ്ഗീസ് സ്വര്‍ണത്തിലേക്ക്

പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ മൂന്നാം ദിനം മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ എറണാകുളം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 73 ഫൈനലുകള്‍ കഴിഞ്ഞപ്പോള്‍ 28 സ്വര്‍ണം, 11 വെള്ളി, 16 വെങ്കലമുള്‍പ്പെടെ 205 പോയിന്റുമായാണ് ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എറണാകുളം കിരീടം ലക്ഷ്യമാക്കി കുതിക്കുന്നത്.

16 സ്വര്‍ണം, 10 വെള്ളി, 20 വെങ്കലമടക്കം 134 പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് ബഹുദൂരം പിന്നില്‍. മൂന്നാമതുള്ള കോഴിക്കോടിന് 86 പോയിന്റ്, തിരുവനന്തപുരത്തിന് 72 പോയിന്റ്.

സ്‌കൂളുകളില്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ബേസില്‍ 10 സ്വര്‍ണം, ഒരു വെള്ളി, നാല് വെങ്കലമടക്കം 57 പോയന്റുമായി മുന്നിലെത്തി. എറണാകുളത്തെ മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസ് ആറ് സ്വര്‍ണം, അഞ്ച് വെള്ളി, ഒരു വെങ്കലമടക്കം 46 പോയിന്റുമായി രണ്ടാമത്. പാലക്കാട് കല്ലടി സ്‌കൂള്‍ 43 പോയിന്റുമായി മൂന്നാം സ്ഥാനത്തും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്എസ് 42 പോയന്റുമായി നാലാമത്.

ഇന്നലെ മൂന്ന് റെക്കോഡുകള്‍ പിറന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോടിന്റെ അപര്‍ണ റോയ്, ജൂനിയര്‍ ആണ്‍കുട്ടികളില്‍ ആര്‍.കെ. സൂര്യജിത്ത്, ജൂനിയല്‍ ആണ്‍കുട്ടികളുടെ റിലേയില്‍ എറണാകുളം എന്നിവര്‍ക്ക് റെക്കോഡ്.

സീനിയര്‍ പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പി, സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ തങ്ജാം അലര്‍ട്ടണ്‍ സിങ് എന്നിവരാണ് മൂന്നാം ദിനം ട്രിപ്പിള്‍ സ്വര്‍ണത്തിനര്‍ഹരായി. സീനിയര്‍ പെണ്‍കുട്ടികളില്‍ അപര്‍ണ റോയ്, ജൂനിയര്‍ ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു, പെണ്‍കുട്ടികളില്‍ സി. ചാന്ദിനി, കെസിയ മറിയം ബെന്നി, സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പി. അഭിഷ എന്നിവര്‍ക്ക് ഇരട്ട സ്വര്‍ണം.

അവസാന ദിനമായ ഇന്ന് 22 ഫൈനലുകള്‍ നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്യും.