തകര്‍ത്തത് കാല്‍ നൂറ്റാണ്ടിന്റെ റെക്കോഡ്

Sunday 22 October 2017 10:49 pm IST

ജൂനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ 24 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയ എറണാകുളം ടീം

പാലാ: റിലേയില്‍ എറണാകുളത്തിന്റെ ആധിപത്യം. ഇതില്‍ 24 വര്‍ഷം പഴക്കമുള്ള റെക്കോഡും ചരിത്രത്തിലേക്ക് വഴിമാറി. ആറില്‍ മൂന്ന് സ്വര്‍ണവുമായി എറണാകുളത്തിന്റെ തേരോട്ടം. ജൂനിയര്‍ ആണ്‍കുട്ടികളിലാണ് കാല്‍നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള റെക്കോഡ് പഴങ്കഥയായത്.
സീനിയര്‍ പെണ്‍കുട്ടികള്‍, ജൂനിയര്‍, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗങ്ങളിലാണ് എറണാകുളത്തിന്റെ സുവര്‍ണനേട്ടം. സീനിയര്‍ ആണ്‍കുട്ടികളില്‍ തൃശൂര്‍, ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോട്ടയം, സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ കണ്ണൂരും സ്വര്‍ണത്തിന് അവകാശികളായി.

സീനിയര്‍ പെണ്‍കുട്ടികളില്‍ സ്റ്റെഫാനിയ തോമസ്, ശിവകാമി വി. ഷാജി, സോന ബെന്നി, സോഫിയ സണ്ണി എന്നിവരടങ്ങിയ ടീം 50.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പൊന്നണിഞ്ഞത്. കോട്ടയം (51.63 സെക്കന്‍ഡ്) വെള്ളിയും, പാലക്കാട് (51.74) വെങ്കലവും നേടി. ആണ്‍കുട്ടികളില്‍ കെ.ആര്‍. ശ്രീജിത്ത്, അശ്വിന്‍ ബി. ശങ്കര്‍, സഞ്ജയ് പി.ജെ, യദു കൃഷ്ണ. കെ എന്നിവരടങ്ങിയ തൃശൂര്‍ 43.41 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് പറന്നെത്തി. മലപ്പുറം (43.87 ), എറണാകുളം (43.88) രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാര്‍വതി പ്രസാദ്, അക്ഷര ഷാജി, ബിസ്മി ജോസഫ്, ആന്‍ റോസ് ടോമി എന്നിവരടങ്ങിയ കോട്ടയം 49.84 സെക്കന്‍ഡില്‍ ഓടിയെത്തി പൊന്നണിഞ്ഞു. 50.61 സെക്കന്‍ഡില്‍ മലപ്പുറം വെള്ളിയും 50.62 സെക്കന്‍ഡില്‍ തൃശൂര്‍ വെങ്കലവും നേടി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ 43.88 സെക്കന്‍ഡില്‍ പറന്നെത്തിയാണ് പ്രണവ്. എസ്, ഭരത് സിങ്. എസ്, റോഷന്‍ അലോഷ്യസ്, വാരിഷ് ബോഗിമയൂം എന്നിവരടങ്ങിയ എറണാകുളം ടീം പുതിയ റെക്കോഡുമായി പൊന്നണിഞ്ഞത്. ഇവരുടെ കുതിപ്പില്‍ പഴങ്കഥയായത് 1993ല്‍ തിരുവനന്തപുരം സ്ഥാപിച്ച 44.30 സെക്കന്‍ഡിന്റെ റെക്കോഡ്. വെള്ളിയും വെങ്കലവും നേടിയ കോഴിക്കോടും (44.07), പാലക്കാടും (44.29) റെക്കോഡ് മറികടന്നു.

സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ 54.35 സെക്കന്‍ഡില്‍ കണ്ണൂരിനായി ട്രാക്കിലിറങ്ങിയ നന്ദന. എം, അനുഗ്രഹ. സി, നീതുമോള്‍ പി. സിബി, ജെനിറ്റ ജോസഫ് എന്നിവര്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തി. ഇടുക്കിക്ക് (54.71) വെള്ളി, പാലക്കാടിന് (54.92) വെങ്കലം. ആണ്‍കുട്ടികളില്‍ 48.59 സെക്കന്‍ഡിലാണ് എറണാകുളത്തിന്റെ ഫ്‌ളമിങ് ജോസ്, അരുണ്‍. പി.എ, തങ്ജാം അലേര്‍ട്ട്‌സണ്‍ സിങ്, ജിനേഷ് പുരുഷന്‍ എന്നിവരടങ്ങിയ ടീം സ്വര്‍ണത്തിലെത്തിയത്. 48.74 സെക്കന്‍ഡില്‍ തൃശൂര്‍ വെള്ളിയും 48. 88 സെക്കന്‍ഡില്‍ പാലക്കാട് വെങ്കലവും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.