തൊഴിലുറപ്പ് പദ്ധതിയിലൂടെ തോടുകള്‍ നവീകരിക്കും

Sunday 22 October 2017 10:44 pm IST

കോട്ടയം: മീനച്ചിലാര്‍-മീനന്തറയാര്‍- കൊടുരാര്‍ സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ തോടുകളുടെ നവീകരണം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അറിയിച്ചു. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ തീക്കോയി മുതല്‍ വേമ്പനാട്ടുകായല്‍ വരെയുളള എല്ലാ തോടുകളും കുളങ്ങളും ഉള്‍പ്പെടുത്തി ആദ്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് തോടുകളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുവാന്‍ വേണ്ടി 9.82 കോടി രൂപയുടെ കയര്‍ഭൂവസ്ത്രം വാങ്ങും. 150 തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. തീരങ്ങളുടെ സംരക്ഷണത്തിനും മാലിന്യ വിമുക്തമാക്കുന്നതിനും തൊഴിലുറപ്പ് തൊഴിലാളികള്‍ നേതൃത്വം നല്‍കും. പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഇല്ലിക്കല്‍ കവലയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി ഡോ. ടി.എം തോമസ് ഐസക് നിര്‍വ്വഹിക്കും. കെ.സുരേഷ്‌കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷനാകും.