ഇടുക്കി ട്രിപ്പിള്‍ ഗോള്‍ഡ്

Monday 23 October 2017 1:30 am IST

  പാലാ: റബ്ബറിന്റെ നാട്ടിലെ സിന്തറ്റിക് ട്രാക്കില്‍ അനുമോള്‍ തമ്പിയുടെ അജയ്യതയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണത്തിന്റെ തിളക്കം. സ്‌കൂള്‍ കായികോത്സവത്തിന്റെ ദീര്‍ഘദൂരത്തില്‍ അനുമോള്‍ക്കൊപ്പം ഓടിയെത്താന്‍ മറ്റൊരാളില്ലാതെ വന്നപ്പോള്‍ 1500 മീറ്ററിലും കോതമംഗലത്തിന്റെ സുവര്‍ണതാരം തന്നെ ഫിനിഷിങ് ലൈനില്‍ ആദ്യം മുത്തമിട്ടു. സ്‌കൂള്‍ കായികോത്സവത്തിലെ ആദ്യ ട്രിപ്പിള്‍ ഗോള്‍ഡ്. ആദ്യ ദിനം 3000 മീറ്റര്‍, രണ്ടാം ദിനം 5000, ഇന്നലെ 1500...അനുമോള്‍ അജയ്യമായി കുതിച്ചു. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന്റെ അഭിമാനതാരം അനുമോള്‍ക്ക് ഈ മെഡലുകള്‍ സ്വന്തം. പക്ഷേ, സ്വന്തമായി ഒരു വീടു വേണമെന്ന മോഹം ഇപ്പോഴും ബാക്കി. പിതാവിന്റെ സംരക്ഷണയിലല്ലാതെ വളര്‍ന്ന അനുമോളെ, സ്‌കൂളില്‍ കഞ്ഞിവച്ചു കിട്ടുന്ന വരുമാനത്തിലാണ് അമ്മ ഷൈനി വളര്‍ത്തിയത്. വീട്ടിലെ കഷ്ടപ്പാടിനിടെ പതിനേഴാം വയസില്‍ പഠിത്തം ഉപേക്ഷിച്ച് ടൈല്‍സിന്റെ പണിക്കിറങ്ങിയ സഹോദരന്‍ ബേസില്‍ നല്‍കുന്ന കരുത്താണ് ട്രാക്കിലെ കുതിപ്പിനു പ്രചോദനം. ഇടുക്കി പാറത്തോടുകാരിയാണ് അനു. ഏഴാം ക്ലാസുവരെ പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളിലെ ഷിജോയായിരുന്നു കോച്ച്. പിന്നീട് മാര്‍ബേസിലില്‍ ഷിബി മാത്യുവിന്റെ ശിക്ഷണത്തിലേക്ക് മാറി. 2015-ല്‍ അനുമോളുടെ മിന്നുന്ന പ്രകടനം കണ്ട് വീടുവച്ചു നല്‍കാമെന്ന് ചില വാഗ്ദാനങ്ങളുണ്ടായെങ്കിലും ഒന്നും നടന്നില്ല. വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പഞ്ചായത്ത് പറഞ്ഞപ്പോള്‍ ആ കുടുംബം ഏറെ ആശ്വസിച്ചു. തറ കെട്ടലില്‍ തീര്‍ന്നു ആ നീക്കവും. യാക്കോബായ സഭ മുന്നോട്ടു വന്നു. വാര്‍പ്പ് വരെ കഴിഞ്ഞു. ബാക്കി പണികള്‍ക്കായി പണം കണ്ടെത്തേണ്ടതുണ്ട്. ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് അനുമോള്‍. സ്‌കൂള്‍ മീറ്റുകളുടെ ചരിത്രത്തിലെ ആറാം സ്വര്‍ണ്ണമാണ് ഇന്നലെ പാലായിലെ ട്രാക്കില്‍ അനു ഓടി നേടിയത്. 2015ല്‍ കോഴിക്കോട്ട് ജൂനിയര്‍ 800 മീറ്ററില്‍ വെള്ളിമെഡലോടെയാണ് അനുമോള്‍ ഉദിച്ചത്. അതേ മീറ്റില്‍ 1500 മീറ്ററിലും 3000 മീറ്ററിലും റെക്കോഡ് കുറിച്ച് ഇടുക്കിയുടെ മിടുക്കി താരമായി. ആ വര്‍ഷം ദേശീയ മീറ്റിലും അനു 1500ലും 3000ലും ഇതേ പ്രകടനമാവര്‍ത്തിച്ചു. നാലുവര്‍ഷംമുമ്പാണ് ഇടുക്കിയില്‍ നിന്ന് എറണാകുളത്തെത്തിയത്. ആദ്യവര്‍ഷം സംസ്ഥാന മീറ്റില്‍ സാന്നിധ്യമറിയിച്ചില്ലെങ്കിലും തുടര്‍ന്നുള്ള മൂന്നുവര്‍ഷവും കായികോത്സവത്തില്‍ നിറഞ്ഞുനിന്നു. അനുവിന്റെ ആധപത്യത്തിന് അടിവരയിടുന്നു പാലായിലെ ട്രിപ്പിള്‍.