മീസില്‍സ് - റൂബെല്ല 35ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി

Sunday 22 October 2017 11:54 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് മീസില്‍സ്-റൂബെല്ലാ പ്രതിരോധ കുത്തിവയ്പ് പരിപാടി വിജയമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍. 35 ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രതിരോധവാക്‌സിന്‍ നല്കി. 9 മാസം പൂര്‍ത്തിയായതു മുതല്‍ 15 വയസ്സുവരെയുള്ള 75 ലക്ഷത്തോളം കുട്ടികള്‍ക്കാണ് വാക്‌സിന്‍ കൊടുക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഒറ്റ വാക്‌സിന്‍ കൊണ്ട് രണ്ടു രോഗങ്ങളെ പ്രതിരോധിക്കാം എന്നുള്ളതാണ് ഈ ക്യാമ്പയിന്റെ നേട്ടം. 56 ലക്ഷത്തോളം കുട്ടികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്‌സിന്‍ കൊടുക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. 20 ലക്ഷത്തോളം കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലോ ആരോഗ്യകേന്ദ്രങ്ങളിലോ അംഗന്‍വാടി കേന്ദ്രങ്ങളിലോ ആണ് വാക്‌സിന്‍ നല്കുക. രണ്ടാം ഘട്ടത്തിലാണ് ഈ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്കുന്നത്. എന്നാല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പഞ്ചായത്തുകളില്‍ അംഗന്‍വാടികള്‍, ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കാനാരംഭിച്ചു. സ്‌കൂളില്‍ വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കും മറ്റ് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്കാവുന്നതാണ്. 15 വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ എടുക്കുന്നതിന് രക്ഷാകര്‍ത്താക്കളും ആരോഗ്യ-വിദ്യാഭ്യ-സാമൂഹ്യനീതി പ്രവര്‍ത്തകരും പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.