കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ എല്ലാവരിലും എത്തിക്കണം: എല്‍ജെപി

Sunday 22 October 2017 11:52 pm IST

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ എല്ലാവരിലും എത്തിക്കണമെന്ന് ലോക് ജന്‍ശക്തി പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്റും ജന്‍ശക്തി മസ്ദൂര്‍ സഭ പ്രസിഡന്റുമായ രാംജി സിങ് അഭിപ്രായപ്പെട്ടു. ലോക് ജന്‍ശക്തി പാര്‍ട്ടി സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലെയുള്ള ചില സംസ്ഥാനങ്ങളില്‍ പലപദ്ധതികളെക്കുറിച്ചും അറിയാത്തത് കൊണ്ട് അതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കണം. ബിജെപി പ്രവര്‍ത്തകരും എല്‍ജെപി പ്രവര്‍ത്തകരും പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി ലോക് ജന്‍ശക്തി പാര്‍ട്ടി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഐടി മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന സൗകര്യം കേരളത്തിലെ ഐടി മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. കേരളത്തിലെ സ്വാശ്രയ മേഖലയിലെ തൊഴിലാളികള്‍ക്കും അവരുടെ അടിസ്ഥാന ശമ്പളം പോലും പലപ്പോഴും ലഭിക്കുന്നില്ല. സ്വാശ്രയ മേഖലയിലെ തൊഴിലാളികള്‍ പലപ്പോഴും വലിയ ചൂഷണത്തിന് ഇരയാവുകയാണ്. ലോക് ജന്‍ശക്തി പാര്‍ട്ടി ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട് കേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കും. അംസഘടിത മേഖലയുള്‍പ്പെടെയുള്ള തൊഴിലാളികളെ സംഘടിപ്പിക്കുമെന്നും അവര്‍ക്ക് മിനിമം കൂലി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പുറത്തേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ നോട്ടു നിരോധനം കൊണ്ട് സാധിച്ചിട്ടുണ്ട്. ഇതിന്റെ മാറ്റം രാജ്യത്ത് കണ്ട് തുടങ്ങിയിട്ടുണ്ട്. രാജ്യം വികസിക്കുന്ന കാഴ്ചയാണ് ഇന്ന് ലോകം മുഴുവന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ എല്‍ജെപി സംസ്ഥാന പ്രഡിഡന്റ് എം. മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. ടി. സുജാതയെ ചടങ്ങില്‍ ആദരിച്ചു. ജെഎംഎസ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ ഖാന്‍, ജേക്കബ് പീറ്റര്‍, രമാ ജോര്‍ജ്,രാമചന്ദ്രന്‍, സാജുജോയ്‌സണ്‍, അബ്ദുള്‍ മജീദ്, മുഹമ്മദ് ബഷീര്‍, എ.സി. മോഹനന്‍, എ.എ. റഷീദ്, നൗഫല്‍, ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.