സമരം ചെയ്യുന്ന കരാറുകാര്‍ക്ക് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം

Sunday 22 October 2017 11:55 pm IST

ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന സര്‍ക്കാര്‍ കരാറുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. നിസ്സഹകരണ സമരം അവസാനിപ്പിച്ച് കരാര്‍ ഒപ്പ് വെച്ച പണികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ശബരിമല പ്രവൃത്തിചെയ്യുന്ന കരാറുകാരനെ ഭീഷണിപ്പെടുത്താനും സ്ത്രീകളായ എഞ്ചിനീയര്‍മാരെ ആക്ഷേപിക്കാനും പുനലൂര്‍ പാതയില്‍ പത്തനാപുരത്ത് നിയമവിരുദ്ധമായി കടന്നുകയറി ശ്രമിച്ചവരില്‍ കൊല്ലത്ത് നിന്നുള്ള പൊതുമരാമത്ത് കരാറുകാരന്‍ അടക്കം 5 കരാറുകാര്‍ ഉണ്ടായിരുന്നതായി പോലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. കരാറുകാരുടെ സംഘടനയുടെ തൃശൂരിലെ ഒരു ഭാരവാഹി സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവന ഇറക്കി. അഴിമതിക്കെതിരായ മരാമത്ത് വകുപ്പിന്റെ പോരാട്ടത്തില്‍ ഇദ്ദേഹത്തിന് കടുത്ത എതിര്‍പ്പാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉന്നതന്മാര്‍ക്ക് വേണ്ടി പല ഇടപാടുകളും നടത്തിയ ആളാണ് ഇദ്ദേഹം. ഈ സര്‍ക്കാരിന്റെ കാലത്ത് അതിന് സാധ്യത ഇല്ലാതെ വന്നു. ഇദ്ദേഹത്തിന്റെ സംഘടയുടെ പ്രസിഡന്റായിരുന്ന എംഎല്‍എ ഇദ്ദേഹത്തിന്റെ തെറ്റായ പ്രവര്‍ത്തനം കാരണം രാജിവെച്ച് പോകുകയുണ്ടായി. കരാറുകാരുടെ സംഘടനയുടെ ഭാരവാഹിയായ ഇദ്ദേഹം തെറ്റ് തിരുത്തണം. നിയമ ലംഘനം നടത്തി സംഘടനയുടെ മറവില്‍ രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു. മരാമത്ത് വര്‍ക്കുകള്‍ക്ക് കഴിഞ്ഞ ആറു മാസം മഴയായിരുന്നു പ്രധാന തടസ്സം. ഇപ്പോള്‍ കരാറുകാരുടെ നിസ്സഹകരണമാണ് പ്രധാന തടസ്സമെന്നും മന്ത്രി വ്യക്തമാക്കി.