സ്ത്രീകളുടെ ജീവിതരീതി പരിസ്ഥിതിക്ക് അനുസൃതമായി: ഡോ. നന്ദിത

Monday 23 October 2017 12:32 am IST

പി. പരമേശ്വരന്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച വനിതാ സമ്മേളനം ചെന്നൈ സി.പി. രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. നന്ദിതാ കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. കന്യാകുമാരി വിവേകാനന്ദ കേന്ദ്ര വൈസ് പ്രസിഡന്റ് നിവേദിതാ ഭിഡേ, ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി എന്നിവര്‍ സമീപം

തിരുവനന്തപുരം: ഭാരത സ്ത്രീകളുടെ ജീവിതരീതി പരിസ്ഥിതിയ്ക്ക് അനുസൃതമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണെന്ന് സി.പി. രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. നന്ദിതാ കൃഷ്ണന്‍.

വിവിധ സംസ്ഥാനങ്ങളില്‍ അനുഷ്ഠിച്ചു വരുന്ന കോലം, രംഗോലി, അത്തപൂക്കളം, വിശിഷ്ടദിനങ്ങളിലെ പലതരത്തിലുള്ള പലഹാരങ്ങള്‍, സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന നൃത്തരൂപങ്ങള്‍ തുടങ്ങി ഒട്ടനവധി രംഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നമ്മുടെ സംസ്‌കാരം നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പി. പരമേശ്വരന്‍ നവതി ആഘോഷ പരിപാടികളുടെ ഭാഗമായി ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച ‘ആഗോളവല്‍ക്കരണ കാലത്ത് സ്ത്രീ: സ്വത്വം സ്വാതന്ത്ര്യം ജീവിതം’ എന്ന ദേശീയ വനിതാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു നന്ദിതാ കൃഷ്ണന്‍. കണ്ണകി ഭാരത സ്ത്രീത്വത്തിന്റെ പ്രതീകമാണ്.

സ്ത്രീയ്ക്ക് പ്രമുഖമായ സ്ഥാനമാണ് ഭാരതീയ പൗരാണിക ഗ്രന്ഥങ്ങളിലും ആചാരങ്ങളിലും കല്‍പ്പിച്ചിരിക്കുന്നത്. കലസാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്രം നല്‍കിയിട്ടുള്ള ഏക രാജ്യം ഭാരതമാണ്. ഡോ. നന്ദിതാ കൃഷ്ണന്‍ പറഞ്ഞു.ഭാരതത്തിലെ കുടുബബന്ധങ്ങളുടെ അടിത്തറ ശക്തവും ദൃഢവുമാണെന്ന് വിവേകാന്ദകേന്ദ്രം ഉപാധ്യക്ഷ നിവേദിത ഭീഡെ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലെ സാമൂഹിക കുടുംബ അവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ കുടുംബബന്ധങ്ങള്‍ ഭാരതത്തില്‍ നിലനില്‍ക്കുന്നതിന് പ്രധാന കാരണം സാമൂഹിക കുടുംബ ബന്ധങ്ങളിലെ ദൃഢതയാണ്.

സ്ത്രീകള്‍ കൈക്കൊള്ളുന്ന തീരുമാനം സ്വാതന്ത്രമുള്ളതാകും. ഇപ്രകാരമാണ് സ്ത്രീസ്വാതന്ത്രൃം സംഭവിക്കുന്നത്. സ്ത്രീകള്‍ക്ക് കുടുബത്തിനും സമൂഹത്തിനും രാജ്യത്തിനും തങ്ങളാലാകുന്ന സംഭാവന നല്‍കാന്‍ സാധിക്കണം. ഇന്റര്‍നെറ്റിലും മൊബൈലുകളിലൂടെയും സ്ത്രീകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുകയാണ്. സ്ത്രീ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന തിരച്ചറിവിലൂടെ മാത്രമെ ഇത്തരം ദുഷ്പ്രവണത തുടച്ചുമാറ്റാന്‍ സാധിക്കുകയുള്ളുവെന്നും നിവേദിത ഭീഡെ പറഞ്ഞു.ആഗോളവല്‍കൃത യുഗത്തെ സാങ്കേതികവിദ്യയാണ് എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കാന്‍ ഇന്ത്യന്‍ പുരുഷന്മാരെയും സ്ത്രീകളെയും പ്രാപ്തരാക്കിയിട്ടുള്ളതെന്ന് പ്രാഫ.ബി തങ്കമണി അദ്ധ്യക്ഷപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സാഹചര്യത്തില്‍ എപ്പോഴാണോ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നത് അപ്പോള്‍ മാത്രമേ രാജ്യം സമ്പൂര്‍ണമായി ശാക്തീകരിക്കപ്പെടുകയുള്ളൂ. ഇത്തരത്തില്‍ രാജ്യത്തോടൊപ്പം രാജ്യത്തെ സ്ത്രീകളുടെ ശക്തീകരണം കൂടി ലക്ഷ്യമിട്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും തങ്കമണി അഭിപ്രായപ്പെട്ടു. പന്തളം എന്‍എസ്എസ് കോളേജിലെ പ്രഫസര്‍ ഡോ. ആര്‍ അശ്വതിയുടെ’അപൂര്‍വ്വ ഹൃദയസംവാദം’ എന്ന പുസ്തകം എഴുത്തുകാരി ഡോ. ബി. സുഗീത പ്രകാശനം ചെയ്തു.

കേരള സര്‍വകലാശാല  മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ശ്യാമള രാജു, മുന്‍ വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ പ്രമീളാ ദേവി, ബാലഗോകുലം സംസ്ഥാന സെക്രട്ടറി സ്മിതാ വല്‍സലന്‍, എസ്. ഉമാദേവി, അഡ്വ അഞ്ജനാ ദേവി, ഷീജാ കുമാരി, പത്മ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.