ജനജാഗ്രതാ യാത്ര: കാനത്തോട് പകവീട്ടി സിപിഎം

Monday 23 October 2017 12:34 am IST

തിരുവനന്തപുരം: ബിജെപിയുടെ യാത്രയ്ക്ക് ബദലായി ഇടതു പക്ഷ ജനാധിപത്യമുന്നണി സംഘടിപ്പിക്കുന്ന ജനജാഗ്രതാ യാത്ര സിപിഐയുടെ യാത്ര മാത്രമായി. തിരുവനന്തപുരത്തു നിന്നാരംഭിച്ച യാത്ര സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുമ്പോള്‍ കാസര്‍കോട് നിന്നാരംഭിച്ച യാത്രയുടെ അമരത്ത് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. കാസര്‍കോട് നിന്ന് കണ്ണൂരിലൂടെ പ്രയാണം നടത്തുന്ന യാത്രയില്‍ സിപിഎം സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് ആളെ കൂട്ടുമ്പോള്‍ തലസ്ഥാനത്തൂടെ കടന്നുപോകുന്ന യാത്രയ്ക്ക് കൂടെ നടക്കാന്‍ ആളെ കിട്ടാതെ കാനം വിയര്‍ക്കുകയാണ്.ജാഥ കടന്നുപോകുന്ന തെരുവുകളില്‍ അലങ്കാരം നടത്താനും ആളെ കൂട്ടാനും സിപിഐക്കാര്‍ മാത്രമാണുള്ളത്. തെരുവുകളില്‍ സിപിഐയുടെ കൊടികളും തോരണങ്ങളും മാത്രമെ കാണാനുള്ളൂ. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രം എന്ന് പൊതുവെ അവകാശപ്പെടുന്ന കോവളത്ത് നിന്നാരംഭിച്ച യാത്ര പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശുഷ്‌കമായിരുന്നു. സിപിഎമ്മിന്റെ നേതാക്കള്‍ സംസാരിക്കുന്ന സ്വീകരണസമ്മേളനങ്ങളില്‍ മാത്രം അളെ എത്തിച്ച സിപിഎം ബോധപൂര്‍വം സിപിഐ നേതാക്കളുടെ പരിപാടിയില്‍  നിന്ന് വിട്ടുനില്ക്കുന്ന കാഴ്ച്ചയാണ് തലസ്ഥാനത്തെമ്പാടും. സിപിഐക്ക് തലസ്ഥാനത്ത് സ്വാധീനമില്ലെന്നു വരുത്തി തീര്‍ത്ത് തിരുവനന്തപുരം ലോക്‌സഭാ സീറ്റ് കൈക്കലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമമായാണ് ഇടതുനിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയെയും സിപിഎം മന്ത്രിമാരെയും കടന്നാക്രമിക്കാന്‍ മടികാണിക്കാത്ത കാനത്തിന് കനത്ത പ്രഹരം നല്കണമെന്ന് ദീര്‍ഘനാളായി സിപിഎം കരുതിയിരിക്കുകയാണ്. കാനം നിരവധി വിഷയങ്ങളില്‍ പ്രതികരിച്ച് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ സിപിഐക്ക് സ്വാധീനമുണ്ട്. എന്നിട്ടും സ്വാധീനം തീരെ കുറഞ്ഞ തിരുവനന്തപുരവും ആലപ്പുഴയും അടങ്ങുന്ന ജില്ലകളിലൂടെ യാത്ര നയിക്കാന്‍ കാനത്തെ തെരഞ്ഞെടുത്തതില്‍ സിപിഎം കണ്ണൂര്‍ ലോബിയുടെ ഗൂഢ ഇടപെടലുണ്ട്. യാത്ര അവസാനിക്കുന്നതോടെ കാനത്തിന്റെ വായ് മൂടിക്കെട്ടാനാണ് സിപിഎം ലക്ഷ്യമിടുന്നത്. സോളാര്‍ വിവാദം കത്തിച്ച് കോണ്‍ഗ്രസിനെ ആക്രമിക്കാതെ ബിജെപിയെ കടന്നാക്രമിച്ചാണ് നേതാക്കളുടെ പ്രസംഗങ്ങള്‍. ബിജെപിയുടെ യാത്രയ്ക്ക് ബദലായി സംഘടിപ്പിച്ച കാനത്തിന്റെ തെക്കന്‍ മേഖലായാത്ര ആദ്യ ദിവസം അരുവിക്കര സമാപിച്ചപ്പോള്‍ ആളെ കിട്ടാനില്ലാതെ കിതയ്ക്കുകയാണ്.