വാക്കുപാലിക്കുമോ ചാണ്ടി?

Monday 23 October 2017 1:41 am IST

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കി ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ നിയമസഭയിലെ തന്റെ പ്രഖ്യാപനം പാലിക്കാന്‍ മന്ത്രി തയ്യാറാകുമോ എന്ന ചോദ്യം ഉയരുന്നു. സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമി താന്‍ കൈയേറിയെന്ന് തെളിയിച്ചാല്‍ മന്ത്രി സ്ഥാനം മാത്രമല്ല, പൊതുരംഗത്ത് നിന്നു തന്നെ പിന്മാറുമെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രഖ്യാപനം. നിയമലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിആര്‍ജ്ജവം കാട്ടുമോയെന്ന ചോദ്യവും ഉയരുന്നു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്നാണ് വിവരം. രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലേക്ക് പാലസ് റിസോര്‍ട്ടിന് സമീപത്തെ റോഡ് നിര്‍മാണം, പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം, കായലില്‍ ബോയ സ്ഥാപിക്കല്‍, മാര്‍ത്താണ്ഡം കായല്‍ നിലം നികത്തല്‍, ഉദ്യോഗസ്ഥരുടെ വീഴ്ച എന്നിവ സംബന്ധിച്ചായിരുന്നു അന്വേഷണം. നിലം നികത്താന്‍ സംസ്ഥാന തണ്ണീര്‍ത്തട നിരീക്ഷണ സമിതിയുടെ അനുവാദം വാങ്ങിയിട്ടില്ല. കരുവേലി പാടശേഖരത്തിന്റെ പുറംബണ്ട് നിര്‍മിച്ചു ലേക്ക് പാലസ് പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിച്ചത് തണ്ണീര്‍ത്തട നിയമം ലംഘിച്ചാണ്. ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലുള്ളതാണു സ്ഥലം. ബണ്ട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് ജലവിഭവ വകുപ്പാണ്. അനുവദിച്ചതില്‍ കൂടുതല്‍ സ്ഥലം നികത്തിയിട്ടുണ്ട്. നിലവില്‍ കോടതിയില്‍ കേസുള്ളതിനാല്‍ ലീലാമ്മ ഈശോയ്‌ക്കെതിരെ കോടതി വിധിക്കുശേഷമെ നടപടി എടുക്കാന്‍ കഴിയൂ. ബണ്ടിനു വേണ്ടി നീര്‍ച്ചാല്‍ വഴി മാറ്റിയതായും വ്യക്തമായി. റിസോര്‍ട്ടിനു മുന്നില്‍ കരുവേലി പാടശഖരത്തിന്റെ ആവശ്യം എന്ന നിലയ്ക്കാണ് ബണ്ട് ബലപ്പെടുത്തിയത്. എന്നാല്‍ അനുവദിച്ച വിസ്തൃതിയേക്കാള്‍ കുടൂതല്‍ അളവിലാണ് ബണ്ട് നിര്‍മിച്ചത്. റോഡ് നിര്‍മാണത്തിന്റെ മറവില്‍ മൂന്നിടത്തു നിലം നികത്തി. നിര്‍മാണം കഴിഞ്ഞാല്‍ പൂര്‍വസ്ഥിതിയിലാക്കാമെന്നു ജില്ലാ കളക്ടര്‍ക്കു എഴുതിക്കൊടുത്തിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അതു പാലിച്ചിട്ടില്ല. റിസോര്‍ട്ടിന്റെ മുന്നില്‍ കായല്‍ കയ്യേറി ബോയ സ്ഥാപിച്ചതും ചട്ടം ലംഘിച്ചാണ്. ദേശീയ ജലപാതയുടെ ഭാഗമായതിനാല്‍ അവരുടെ അഭിപ്രായം തേടിയശേഷം ബോയകള്‍ നീക്കം ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ത്താണ്ഡം കായല്‍ നിലത്തില്‍ സര്‍ക്കാര്‍ പുറമ്പോക്കിലെ റോഡ് നികത്തിയത് തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനമാണ്. ഇവിടെ അഞ്ചു സെന്റു വീതമുള്ള 64 പ്ലോട്ടുകളാണ് തോമസ് ചാണ്ടി കര്‍ഷകരില്‍ നിന്ന് വാങ്ങിയത്. ഇത് അടിസ്ഥാന നികുതി രജിസ്റ്ററില്‍ പുരയിടമാണ്. 32 വീതം പരസ്പരം അഭിമുഖമായ പ്ലോട്ടുകളാണ്. 95 സെന്റ് നിലവും ബണ്ടില്‍ അഞ്ചു സെന്റ് പുരയിടവും കര്‍ഷകര്‍ക്കു നല്‍കിയതാണ്. ഇടയില്‍ ഭൂവുടമകള്‍ക്കായി ഒന്നര മീറ്റര്‍ വീതിയില്‍ റോഡുണ്ട്. നികത്തിയപ്പോള്‍ ഈ റോഡും നികത്തിയത് നിയമവിരുദ്ധമാണ്. നിലവില്‍ നിജസ്ഥിതി വിവര റിപ്പോര്‍ട്ടാണു കൊടുത്തിട്ടുള്ളത്. തുടര്‍ നടപടി എടുക്കേണ്ടത് ജില്ലാകളക്ടര്‍ തന്നെയാണ്. കോടതിയുടെ തീര്‍പ്പിന് അനുസരിച്ചായിരുക്കും കളക്ടറുടെ തുടര്‍നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.