ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ചയാളുടെ കത്ത് ലേലം ചെയ്തത് ഒരു കോടിയിലധികം രൂപയ്ക്ക്

Monday 23 October 2017 8:51 am IST

ലണ്ടന്‍: ടൈറ്റാനിക് കപ്പല്‍ ദുരന്തത്തില്‍ മരിച്ചയാളുടെ കത്ത് ചെയ്തത് ഒരു കോടിയിലധികം രൂപയ്ക്ക്! ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്്‌സാണ്ടര്‍ ഒസ്‌കര്‍ ഹോള്‍വേഴ്‌സണ്‍ തന്റെ അമ്മയ്ക്ക് എഴുതിയ കത്ത് 1,08,04,110 രൂപയ്ക്കാണ് (166,000 ഡോളര്‍) ലേലത്തില്‍ വിറ്റത്. കപ്പല്‍ ദുരന്തത്തിന്റെ അവശേഷിപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് വിറ്റു പോയതും ഈ കത്താണ്. 1912 ഏപ്രില്‍ 13ന് എഴുതിയ കത്തില്‍ രാജകീയ കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും കുറിച്ചാണ് പറയുന്നത്. അക്കാലത്തെ ധനികനായ അമേരിക്കന്‍ വ്യാപാരി ജോണ്‍ ജേക്കബ് ഓസ്റ്റര്‍ അടക്കമുള്ള യാത്രികര്‍ക്കെപ്പമുള്ള അനുഭവങ്ങളും കത്തില്‍ വിവരിക്കുന്നു. വിചാരിച്ച പോലെ പോകുകയാണെങ്കില്‍ ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കിലെത്തുമെന്ന് പറയുന്നുണ്ട്. 1912 ഏപ്രില്‍ 14ന് മഞ്ഞുമലയില്‍ ഇടിച്ചാണ് ടൈറ്റാനിക് തകര്‍ന്നത്. കപ്പല്‍ ദുരന്തത്തില്‍ 1500ല്‍ അധികം പേര്‍ മരിച്ചിരുന്നു. ഹോഴ്‌സണിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച കത്ത് കുടുംബാംഗങ്ങളായ ഹെന്‍ട്രി അല്‍ഡ്രിഡ്ജും മകനുമാണ് ലേലം നടത്തിയത്.