അദ്ധ്യാപികമാര്‍ ശകാരിച്ചു ഗൗരി ജീവനൊടുക്കി

Monday 23 October 2017 9:02 pm IST

 

അടക്കാനാകാത്ത മാതൃ ദുഖം…ഗൗരി നേഘയുടെ മൃതദേഹത്തില്‍ അമ്മ ശാലിനി പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു

കൊല്ലം: ഉച്ചയൂണിന്റെ മുന്നില്‍ നിന്ന് അദ്ധ്യാപികമാര്‍ വിളിച്ചുകൊണ്ടുപോയ ഗൗരിയെ പിന്നെ കൂട്ടുകാര്‍ കാണുന്നത് ചോരയില്‍ കുളിച്ച നിലയിലാണ്. ഗൗരി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് സ്റ്റാഫ് റൂമിലേയ്ക്ക് വിളിച്ചുകൊണ്ട് പോയത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തി അദ്ധ്യാപിക ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. ഇതേപ്പറ്റി രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പരാതി പറഞ്ഞിരുന്നു. ഇതിനു ശേഷം സഹോദരിയെ സ്ഥിരമായി കളിയാക്കിയ ആണ്‍കുട്ടികള്‍ക്കെതിരെ ഗൗരി ഹെഡ്‌മിസ്ട്രസിന് പരാതി നല്‍കി. ഈ വിഷയത്തില്‍ സ്റ്റാഫ് റൂമില്‍ വിളിച്ചു വരുത്തി അദ്ധ്യാപിക ശകാരിച്ചതിനെ തുടര്‍ന്നുണ്ടായ വിഷമത്തിലാണ് ഗൗരി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് യുവമോര്‍ച്ച സ്‌കൂളിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് പോലീസ് തടയുന്നു.

മരണത്തിനു പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റിനു കീഴിലുള്ള ആശുപത്രി അധികൃതരുടെ അനാസ്ഥയും ആരോപിക്കപ്പെടുന്നു. കെട്ടിടത്തില്‍ നിന്ന് ചാടിയ ഗൗരിയെ കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ ബോധമുണ്ടായിരുന്നു. ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണകാരണമായതാണെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്.

അന്വേഷണം വേണം: ചെന്നിത്തല

തിരുവനന്തപുരം: പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അദ്ധ്യാപികമാര്‍ ശാസിച്ചതിനെ തുടര്‍ന്നാണ് സംഭവമുണ്ടായതെന്നാണ് പുറത്തുവന്ന വിവരം. ഇത്തരം സംഭവങ്ങള്‍ അടുത്തിടെ ആവര്‍ത്തിക്കുന്നുവെന്നത് ഗൗരവകരമാണ്. ഇക്കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.