രാജധാനിയില്‍ ടിക്കറ്റ് ഉറപ്പിക്കാനായില്ലെങ്കില്‍ വിമാനത്തില്‍ പറക്കാം

Monday 23 October 2017 10:32 am IST

ന്യൂദല്‍ഹി: രാജധാനി ട്രെയിനുകളില്‍ ടു ടയര്‍, ത്രീ ടയര്‍ എ.സി കോച്ചുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റ് ഉറപ്പാക്കാനാകാത്ത ആളുകള്‍ക്ക് വിമാനത്തില്‍ പറക്കുന്നതിനുള്ള സൗകര്യമൊരുങ്ങുന്നു. നേരത്തെ അശ്വനി ലോഹാനി എയര്‍ ഇന്ത്യയുടെ ചെയര്‍മാനായിരുന്ന സമയത്ത് ഇതിനുള്ള പദ്ധതി മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ റെയില്‍വേ ഇതിനോട് പ്രതികരിച്ചിരുന്നില്ല. നിലവില്‍ അശ്വനി ലോഹാനി റെയില്‍വേ ബോര്‍ഡ് തലപ്പത്തുണ്ട്. പഴയ പദ്ധതിയുമായി എയര്‍ ഇന്ത്യ സഹകരിക്കാന്‍ തയാറാണെന്ന് അറിയിക്കുകയാണെങ്കില്‍ റെയില്‍വേക്കും അനുകൂല സമീപനമുണ്ടാകുമെന്ന് ലോഹാനി പ്രതികരിച്ചു. രാജധാനി ട്രെയിനുകളില്‍ സീറ്റ് ബുക്ക് ചെയ്ത് ടിക്കറ്റ് ഉറപ്പാകാത്തവരുടെ വിവരങ്ങള്‍ റെയില്‍വേ എയര്‍ ഇന്ത്യക്ക് കൈമാറും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടിക്കറ്റ് ഉറപ്പാകാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ നല്‍കും. അതേ സമയം, എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിലേക്ക് അതിവേഗം മുന്നേറുകയാണ്. പൂര്‍ണമായും സ്വകാര്യ കമ്പനിയായി എയര്‍ ഇന്ത്യ മാറിയാല്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആശങ്കകള്‍ നില നില്‍ക്കുന്നുണ്ട്.