ടിപി വധശ്രമം: സി.എച്ച്‌. അശോകന്‍ ഒന്നാം പ്രതി; ഗുഢാലോചന സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍

Tuesday 11 September 2012 9:51 am IST

കോഴിക്കോട്‌ : ആര്‍ എം പി നേതാവ്‌ ടി പി ചന്ദ്രശേഖരന്‌ നേരെ 2009 ല്‍ നടന്ന വധശ്രമക്കേസില്‍ സി പി എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച്‌ അശോകനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം. പതിനഞ്ചംഗ പ്രതിപട്ടികയാണ്‌ ഡി വൈ എസ്‌ പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വടകര ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌.. 2009 ആഗസ്റ്റില്‍ ഒഞ്ചിയം ഏരിയാ കമ്മറ്റി ഓഫീസിലടക്കം ഗൂഡാലോചന നടന്നുവെന്നും സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി പന്ത്രണ്ട്‌ തവണ ടി പിക്കെതിരെ വധശ്രമങ്ങള്‍ നടന്നുവെന്നുമാണ്‌ കേസ്‌. പ്രതികള്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, ആയുധംകൈവശംവെക്കല്‍, നിയമപരമല്ലാതെ സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ചുമത്തിയത്‌. ടി പി വധക്കേസിലെ ഒമ്പതാം പ്രതി എന്‍ ജി ഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി പി എം ജില്ലാ കമ്മറ്റിയംഗവും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി.എച്ച്‌. അശോകന്‍ (60) മൂന്ന്‌ വര്‍ഷം മുമ്പ്‌ തന്നെ ടി പിയെ വധിക്കാനുള്ള പദ്ധതികള്‍ക്ക്‌ തുടക്കമിട്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണസംഘം ഏരിയാ സെക്രട്ടറിയെ വധശ്രമ കേസില്‍ ഒന്നാം പ്രതിയാക്കിയത്‌. ടി പി വധക്കേസിലെ പത്താം പ്രതി ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം കടത്തലക്കണ്ടി കെ.കെ. കൃഷ്ണന്‍(60) ആണ്‌ വധശ്രമക്കേസിലെ രണ്ടാം പ്രതി. വധക്കേസിലെ എട്ടാം പ്രതിയായ കുന്നുമ്മല്‍ ലോക്കല്‍ കമ്മറ്റി അംഗം ജയസുരയില്‍ കെ.സി. രാമചന്ദ്രന്‍ (52) 2009ലെ വധശ്രമക്കേസില്‍ മൂന്നാം പ്രതിയാണ്‌. വധക്കേസിലെ ആറാം പ്രതിയായ കൊലയാളിസംഘാംഗം ചമ്പാട്‌ പാലോറത്ത്‌ അണ്ണന്‍ എന്ന സിജിത്‌ (23) വധശ്രമക്കേസില്‍ നാലാം പ്രതിയും വധക്കേസിലെ നാലാം പ്രതി പാട്യം തുണ്ടിക്കണ്ടിയില്‍ ടി കെ രജീഷ്‌ (35) രണ്ടാം കേസില്‍ അഞ്ചാം പ്രതിയുമാണ്‌. വധക്കേസില്‍ രണ്ടാം പ്രതിയായ മാഹി പന്തല്‍ നടുവില്‍ മലയില്‍ കിര്‍മാണി മനോജ്‌ (32) വധശ്രമക്കേസില്‍ ആറാം പ്രതിയാണ്‌. ഏഴാം പ്രതി പോണ്ടി ഷാജി, എട്ടാം പ്രതി ജമിന്റവിട ബിജു, ഒമ്പതാം പ്രതി ആയിത്തറ സന്തോഷ്‌, പത്താം പ്രതി എം അഭിനേഷ്‌, പതിനൊന്നാം പ്രതി തലശേരി ഏരിയ കമ്മറ്റി അംഗം പി പി രാമകൃഷ്ണന്‍, പന്ത്രണ്ടാം പ്രതി അജേഷ്‌, പതിമൂന്നാം പ്രതി ചെട്ടി ഷാജി, പതിനാലാം പ്രതി അനീഷ്‌, പതിനഞ്ചാം പ്രതി പി എം മനോരാജ്‌ എന്നിവരാണ്‌ പ്രതിപ്പട്ടികയിലെ മറ്റുള്ളവര്‍.. കൊലയാളിസംഘത്തിന്‌ സഞ്ചരിക്കാനായി ജീപ്പ്പ്‌ ഏര്‍പ്പാടാക്കി കൊടുത്ത കണ്ണൂര്‍ കൂത്തുപറമ്പ്‌ പഴയനിരത്ത്‌ സ്വദേശി പി എം മനോരാജിനെ മാത്രമാണ്‌ കേസില്‍ പിടികൂടാനുള്ളത്‌.പതിനഞ്ചാം പ്രതിയായ മനോരാജ്‌ ഒളിവിലാണെന്ന്‌ കാണിച്ചുകൊണ്ടാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.2009 ല്‍ ടി പി ചന്ദ്രശേഖരന്‌ നേരെ നടന്ന വധശ്രമത്തില്‍ ചോമ്പാല പോലീസ്‌ ആണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരുന്നത്‌.
വടകര പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ത്ഥിക്കേറ്റ പരാജയവും സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനന്‌ നേരെ നടന്ന കയ്യേറ്റശ്രമവും ഒഞ്ചിയത്തെ പിളര്‍പ്പുമെല്ലാമാണ്‌ ടി പി ചന്ദ്രശേഖരനെ ഇല്ലാതാക്കാന്‍ സി പി എമ്മിനെ നിര്‍ബന്ധിതമാക്കിയതെന്ന്‌ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഒഞ്ചിയം ഏരിയാ കമ്മറ്റി ഓഫിസിനു പുറമെ തലശ്ശേരി ഏരിയാ കമ്മറ്റിയംഗം പി.പി. രാമകൃഷ്ണന്റെ മാഹിയിലെ വീട്ടിലും ഗുഢാലോചന നടന്നതായി കുറ്റപത്രത്തില്‍ പറയുന്നു. രാമകൃഷ്ണന്റെ വീട്ടില്‍വെച്ച്‌ നടന്ന പ്രാഥമിക ഗുഢാലോചനയ്ക്ക്‌ ശേഷം പിന്നീട്‌ രണ്ട്‌ തവണ സി പി എം ഒഞ്ചിയം ഏരിയാ കമ്മറ്റി ഓഫീസില്‍ വെച്ച്‌ ഗുഢാലോചന നടന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.