സിപിഎമ്മില്‍ ചേരിപോര് മുറുകുമ്പോള്‍

Monday 23 October 2017 12:39 pm IST

ദേശീയ രാഷ്ട്രീയത്തില്‍ ഇടത് പാര്‍ട്ടികളുടെ പ്രധാന്യം ഇന്ന് എന്താണ്? മറ്റൊരു തരത്തില്‍ നോക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ താരതമ്യേന ഭൂരിപക്ഷം കുറവായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ബിജെപിയെ എതിര്‍ക്കുന്നതില്‍ പോലും രണ്ട് പക്ഷമായി ഇന്ന് മാറിയിരിക്കുന്നു. ലോക്‌സഭയില്‍ ഒമ്പതും രാജ്യസഭയില്‍ ഏഴും അംഗങ്ങള്‍ മാത്രമാണ് ഇടതു പക്ഷത്തിനുള്ളതെന്ന് ഓര്‍ക്കണം. ഒരു തരത്തില്‍ പത്രമാധ്യമങ്ങലിലൂടെയോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയോ സിപിഎമ്മിലെ ഈ ചേരിതിരിവ് ചര്‍ച്ചയാകുന്നത് പോലും അലസത ചിലവഴിക്കാനുള്ള ഒരാളുടെ മാര്‍ഗ്ഗം മാത്രമായെ വിശേഷിപ്പിക്കാനാകൂ. മറിച്ച് യച്ചൂരി പക്ഷത്തേയും കാരാട്ട് പക്ഷത്തേയും കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലാണ് ചര്‍ച്ചയെങ്കില്‍ അത് പലരിലും ബുദ്ധിമുട്ടുണ്ടാക്കുമെന്നതും തീര്‍ച്ചയാണ്. ആഴ്ചകള്‍ക്ക് മുമ്പ് രാജ്യതലസ്ഥാനത്ത് നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കാരാട്ട്-യച്ചൂരി പക്ഷത്തിലെ ചേരിതിരിവ് കണ്ടതാണ്. 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുന്ന വിഷയത്തിലായിരുന്നു ഇരു പക്ഷങ്ങളും തമ്മില്‍ ഭിന്നിപ്പുണ്ടായത്. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് നിന്ന കാരാട്ടിന് ഒപ്പമായിരുന്നു ഭൂരിപക്ഷവും നിലകൊണ്ടത്. 63ല്‍ 32 പേരാണ് കാരാട്ടിനെ അനുകൂലിച്ചത്. കോണ്‍ഗ്രസിനോട് ഈ കാര്യത്തില്‍ മൃദു സമീപനമാകാമെന്നായിരുന്നു യച്ചൂരിയുടെ വാദം. യാഥാര്‍ത്ഥ്യമെന്തെന്നാല്‍ ഏപ്രിലില്‍ ഹൈദരാബാദില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ കാരാട്ട്-യച്ചൂരി പക്ഷങ്ങളുടെ ചേരിപോര് മുറുകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ബംഗാള്‍ ഘടകത്തിലെ ഭൂരിഭാഗവും യച്ചുരിയെ അനുകൂലിക്കുന്നത് കൊണ്ട് തന്നെ അടുത്തിടെ നടന്ന ഈ സംഭവങ്ങളെ ആശങ്കയോടെയാണ് ബംഗാള്‍ നോക്കികാണുന്നത്. കാരാട്ടിനാകട്ടെ കേരളത്തിന്റെ പിന്തുണയുമുണ്ട്. ഒരു കാര്യം സത്യമാണ് ദേശീയ രാഷ്ട്രീയം കണക്കാക്കിയാല്‍ യച്ചൂരി-കാരാട്ട് ചേരിപോര് സിപിഎമ്മിലെ അടിസ്ഥാന രീതികളെ പോലും മറയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഹൈദരാബാദിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ ഇരു പക്ഷത്തിന്റെയും തര്‍ക്ക വേദികളാകുമെന്ന് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.