കടലാസ് കമ്പനികള്‍ക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Monday 23 October 2017 11:51 am IST

ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം വന്‍ തോതില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ കടലാസ് കമ്പനികള്‍ക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണക്കാര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തി ക്രിമിനല്‍ കേസുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ നീക്കം. പുതിയ കമ്പനി നിയമത്തിലെ സെക്ഷന്‍ 447 അനുസരിച്ച് 2,17,239 കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബാലന്‍സ് ഷീറ്റ്, ആദായ നികുതി റിട്ടേണ്‍ എന്നിവ സമര്‍പ്പിക്കാത്ത കമ്പനികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പു നടത്തിയതിനു കമ്പനികള്‍ക്കെതിരെ മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താനാണു നീക്കമെന്നറിയുന്നു. ദീര്‍ഘകാലമായി ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താതെ കള്ളപ്പണം വെളുപ്പിക്കാനും മറ്റ് അനധികൃത പണമിടപാടുകള്‍ക്കുമായി നിലനില്‍ക്കുന്ന കമ്പനികളെയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച ശേഷം 5,800 കടലാസ് കമ്പനികളുടെ അക്കൗണ്ടുകളില്‍ 4,600 കോടിയോളം രൂപ നിക്ഷേപമെത്തിയിരുന്നു. ഇതില്‍ 4,552 കോടിയും വൈകാതെ പിന്‍വലിക്കപ്പെട്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു ,രണ്ടു ലക്ഷത്തിലേറെ കമ്പനികളുടെ അക്കൗണ്ടുകള്‍ക്ക് ധനമന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഇവയുടെ അക്കൗണ്ടുകള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിപ്പിക്കാനാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.