വിദ്യാര്‍ഥിനിയുടെ മരണം: യുവജന സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തമായി

Monday 23 October 2017 12:35 pm IST

കൊല്ലം: വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലേക്ക് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എസ്എഫ്‌ഐ, കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പോലീസിനു നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സ്‌കൂളിലെ മൂന്നാം നിലയില്‍നിന്ന് ചാടിയ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരിമേഘ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. അദ്ധ്യാപിക ശകാരിച്ചതിനെ തുടര്‍ന്ന് മനം നൊന്താണ് ഗൗരി അത്മഹത്യ ചെയ്തതെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. ഇവര്‍ രണ്ടുപേരും ഒളിവിലാണ്.