വന്യ മൃഗങ്ങളെ പേടിച്ച് നാട്ടുകാര്‍ ഒന്നും ചെയ്യാതെ വനം വകുപ്പ്

Monday 23 October 2017 12:21 pm IST

പത്തനാപുരം: ജനവാസ മേഖലയില്‍ പുലിയിറങ്ങുന്നത് പതിവാകുമ്പോള്‍ വനംവകുപ്പും ജനപ്രതിനിധികളും ഇരുട്ടില്‍ തന്നെ. വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഫയലില്‍ ഉറങ്ങുകയാണ്. ജനവാസമേഖലയില്‍ പുലിയും ആനയും കുരങ്ങുമെല്ലാം യഥേഷ്ടം വിഹരിക്കുന്നു. പിറവന്തൂര്‍ പഞ്ചായത്തിലെ വെരുക്കുഴിയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. ഇവിടെ അന്‍പതിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. കിടങ്ങുകളോ വൈദ്യുതവേലികളോ നിര്‍മ്മിക്കണമെന്നുളള പൊതുജനത്തിന്റെ ആവശ്യത്തിന് ഇതുവരെ വകുപ്പ് ചെവി കൊടുത്തിട്ടില്ല. ജനവാസമേഖലയില്‍ കുരങ്ങ്, പന്നി, കടുവ, പുലി തുടങ്ങിയ കാട്ടുമൃഗങ്ങള്‍ ഭീഷണിയാകുമ്പോഴും കെണി വയ്ക്കാനുള്ള ഇരുമ്പ് കൂടുകള്‍ പത്തനാപുരം വനംവകുപ്പിന്റെ ഷെഡില്‍ സുരക്ഷിതമായിരിക്കുന്നു. കെ.ബി.ഗണേഷ്‌കുമാര്‍ വനംവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ വന്യമൃഗശല്യത്തെപ്പറ്റി ജനങ്ങളുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇരുമ്പ് കൂടുകള്‍ വാങ്ങിയത്. ഇത്തരം കൂടുകള്‍ ഉപയോഗിച്ച് മുന്‍പ് കുരങ്ങ്, പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ കെണിയില്‍പ്പെടുത്തിയിരുന്നു. നിലവില്‍ പട്ടാഴി, തലവൂര്‍, പത്തനാപുരം, പിറവന്തൂര്‍ പഞ്ചായത്തുകളില്‍ ജനവാസമേഖലയില്‍ പോലും കാട്ടുമൃഗങ്ങളുടെ ശല്യം വര്‍ധിക്കുമ്പോള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒന്നും ഒരുക്കുന്നില്ല. മൃഗങ്ങടെ പിടികൂടാനുള്ള ഇരുമ്പ് കൂടുകള്‍ ഉപയോഗിക്കാത്തതില്‍ പ്രതിഷേധവും വ്യാപകമാണ്. ഇതിന് പുറമെ വനാതിര്‍ത്തിയില്‍ നിര്‍മിച്ചിരുന്ന കിടങ്ങുകള്‍ നികന്നതും, സൗരോര്‍ജ വേലികള്‍ തകര്‍ന്നതും വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നതിന് കാരണമാണ്. സ്ഥിരമായി വന്യമൃഗങ്ങള്‍ ഇറങ്ങുന്ന എലപ്പക്കോട്, കടശ്ശേരി എന്നിവിടങ്ങളില്‍ സോളാര്‍ ഫെന്‍സിംഗ്, മരം വീണും ബാറ്ററികള്‍ നശിച്ചും ഉപയോഗശൂന്യമാണ്. മുള്ളുമലയില്‍ നിര്‍മിച്ച കിടങ്ങുകളെല്ലാം മണ്ണ് നിറഞ്ഞ് നികന്ന് കഴിഞ്ഞു. കുരങ്ങുകളുടെയും, പന്നികളുടെയും ശല്യത്താല്‍ കൃഷി ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കൂടുതല്‍ കൂടുകള്‍ വാങ്ങി കാട്ടുമൃഗശല്യമുള്ള പ്രദേശങ്ങളില്‍ സ്ഥിരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.