കുന്നത്തൂര്‍: കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീടിന്റെ അടുക്കള തകര്‍ന്നു. ശാസ്താംകോട്ട മനക്കര പുന്നമൂട് അഞ്ജലി ഭവനത്തില്‍ പത്മകുമാരിയമ്മയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം.
കായല്‍ തീരത്തെ തട്ടുതട്ടായ ഭൂമിയില്‍ നിന്നും മണ്ണ് ഇടിഞ്ഞ് വീട്ടിലേക്ക് പതിക്കുകയായിരുന്നു.
അടുക്കളയും അടുക്കളയിലുണ്ടായിരുന്ന സാധന സാമഗ്രികളും പൂര്‍ണമായും തകര്‍ന്നു. ഞായറാഴ്ചയായതിനാല്‍ വീട്ടുകാര്‍ വൈകിയാണ് ഉണര്‍ന്നത്. ചെറിയ കുട്ടികള്‍ അടക്കമുള്ളവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് ഇതിനാലാണ്. സമീപവാസിയുടെ പുരയിടത്തിലെ മണ്ണ് ഏത് നിമിഷവും വീടിന് മുകളിലേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടി നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും അവഗണിച്ചതായി പത്മകുമാരിയമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: