പൂനെയില്‍ രണ്ടു വയസുകാരിയെ പീഡിപ്പിച്ചു കൊന്നു

Monday 23 October 2017 1:14 pm IST

പൂനെ: പൂനെയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. വീടിന് അരകിലോമീറ്റര്‍ അകലെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങി കിടത്തിയ കുഞ്ഞിനെയാണ് കാണാതായത്. മാതാപിതാക്കള്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പോക്‌സോ നിയമപ്രകാരം തട്ടിക്കൊണ്ടു പോകല്‍, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ കുടുംബം താത്കാലികമായി താമസിച്ചിരുന്ന രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലുള്ളവരെയാണ് പൊലീസ് സംശയിക്കുന്നത്. കുടുംബത്തെ നന്നായി അറിയാവുന്നവരാണു കൃത്യം നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.