അണമുഖത്ത് മഞ്ഞപ്പിത്തം പടരുന്നു; അടിയന്തര നടപടി വേണം: വി.മുരളീധരന്‍

Monday 23 October 2017 2:37 pm IST

പേട്ട: അണമുഖം ഹരിജന്‍ കോളനിയില്‍ മഞ്ഞപ്പിത്തം പടരുന്നു. പകര്‍ച്ചവ്യാധി തടയുന്നതില്‍ അടിയന്തര നടപടി വേണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം വി. മുരളീധരന്‍ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി പിടിപെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തില്‍ അമിത്ഷായെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രി അടിയന്തരമായി ഈ കോളനി സന്ദര്‍ശിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കിംസ് ആശുപത്രിക്ക് സമീപത്തെ കുന്നുംപുറം ഹരിജന്‍ കോളനിയിലാണ് മഞ്ഞപ്പിത്തം പടരുന്നത്. രണ്ടാഴ്ചയ്ക്കുളളില്‍ അമ്പതോളം പേര്‍ ഇവിടെ നിന്ന് മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സതേടി. പകര്‍ച്ചവ്യാധി ബാധിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ കോളനിയിലെത്തി പരിശോധിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ജപ്പാന്‍ കുടിവെളളപദ്ധതി പ്രകാരം കോളനിയിലെത്തുന്ന വെളളം പരിശോധനയ്ക്കായി കൊണ്ടുപോയെങ്കിലും മൂന്നാഴ്ച കഴിഞ്ഞേ ഫലം അറിയാന്‍ സാധിക്കൂ. എന്നാല്‍ മാത്രമേ തുടര്‍ പ്രതിവിധികള്‍ നടത്താന്‍ കഴിയുകയുളളൂവെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചതായി കോളനിവാസികള്‍ പറഞ്ഞു. എതാനും മാസങ്ങളായി ഇവിടേക്ക് വരുന്ന വെളളത്തിന് മഞ്ഞനിറമാണുളളത്. കൗണ്‍സിലര്‍ അടക്കമുളളവരോട് പരാതിപ്പെട്ടെങ്കിലും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. മലമൂത്ര വിസര്‍ജനത്തിന് പോലും ശാശ്വതമായ സൗകര്യമില്ലാത്ത അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് കോളനി നിവാസികള്‍ പറഞ്ഞു. നൂറോളം കുടുംബങ്ങളാണ് ഇവിടെയുളളത്. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി. സുധീര്‍, ജില്ലാപ്രസിഡന്റ് മുട്ടത്തറ പ്രശാന്ത്, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ഇടവക്കോട് വി. സുരേഷ്‌കുമാര്‍, ബിജെപി മണ്ഡലം സെക്രട്ടറിമാരായ കിഴക്കതില്‍ രാജേഷ്, ദിവ്യ, മെഡിക്കല്‍കോളേജ് ഏര്യാപ്രസിഡന്റ് അനീഷ് എന്നിവരും മുരളീധരനോടൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.