സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്

Monday 23 October 2017 8:52 pm IST

കൊച്ചി: സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പാടാക്കിയതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് പോലീസിന് വിശദീകരണം നല്‍കി. തനിക്കെതിരേ പരാതി നല്‍കിയവരില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ് പോലീസിനെ അറിയിച്ചു. ആലുവ ഈസ്റ്റ് എസ്.ഐ.യ്ക്കു മുന്നിലാണ് ദിലീപ് വിശദീകരണം നല്‍കിയത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന മാത്രമാണ് നടന്നത്. ഇതിനായാണ് സംഘത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും ദിലീപ് പറഞ്ഞു. സുരക്ഷാപ്രശ്‌നമുള്ളതായി ദിലീപ് ഇതുവരെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എന്തിനു സായുധ സുരക്ഷ ഏര്‍പ്പെടുത്തിയെന്നു വ്യക്തമാക്കണമെന്നാണ് പോലീസ് ദിലീപിനെ ശനിയാഴ്ച അറിയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ശനിയാഴ്ച മുതലാണ് ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്‌സിന്റെ മൂന്ന് സായുധ കമാന്‍ഡോകളെ ദിലീപ് സുരക്ഷയ്ക്കായി നിയോഗിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. ഇവരുടെ വിവരങ്ങള്‍, ഉപയോഗിക്കുന്ന തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ച വിശദാംശം, ദിലീപിനൊപ്പമുള്ള സുരക്ഷാ ജീവനക്കാരുടെ പേര്, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ സഹിതം വിശദീകരണം നല്‍കണം. സ്വകാര്യസുരക്ഷ തേടിയതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ വ്യക്തികള്‍ക്കു സ്വകാര്യസുരക്ഷ ഏര്‍പ്പാടാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ക്രിമിനല്‍ ഗൂഢാലോചനക്കേസില്‍ 85 ദിവസം ജയിലില്‍ കിടന്നയാള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ സുരക്ഷ ഏര്‍പ്പാടാക്കിയതിനു മറുപടി ലഭിക്കണമെന്നാണു പോലീസ് നിര്‍ദേശം. തണ്ടര്‍ ഫോഴ്‌സിന്റെ തൃശൂരിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും ദിലീപിനു സുരക്ഷ അനുവദിച്ച രേഖകള്‍ ഗോവയിലാണെന്നാണ് ഇവര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്നാണു പോലീസ് നോട്ടീസ് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.