ആര്‍ഷവിദ്യാ സമാജത്തിനെതിരായ പരാതിയില്‍ ഉന്നതതല അന്വേഷണം വേണ്ട

Monday 23 October 2017 3:07 pm IST

കൊച്ചി : ആര്‍ഷവിദ്യാ സമാജത്തിനെതിരായ പരാതിയില്‍ ഉന്നതതല അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. പോലീസ് അന്വേഷണം കാര്യക്ഷമമായാണ് നീങ്ങുന്നത്. പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന തൃശൂര്‍ സ്വദേശിനി ശ്വേതയുടെ പരാതിയിലാണ് സര്‍ക്കാര്‍ നിലപാട്. ആര്‍ഷ വിദ്യാ സമാജത്തിനെതിരായ കേസ് കോടതി പരിഗണിക്കവേ പരാതിക്കാരിയുടെ അഭിഭാഷകന്‍ ഉന്നയിച്ച വിമര്‍ശനത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഉദയംപേരൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ട്. കേസ് അട്ടിമറിക്കുന്നുവെന്ന വാദം വാസ്തവ വിരുദ്ധമാണ്. കേസില്‍ ഉന്നതതല അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കേസില്‍ നേരത്തെ പോലീസ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം ആര്‍ഷവിദ്യാസമാജത്തിനെതിരായ പരാതിയില്‍ നടപടിക്രമങ്ങള്‍ സെന്‍സേഷണലൈസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നറിയിച്ച കോടതി അടുത്ത തിങ്കളാഴ്ച കേസിലെ മുഴുവന്‍ കക്ഷികളും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കി. കേസ് പരിഗണിക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ശ്വേതയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളും സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചില്ല.