മകളെ ശല്യം ചെയ്തവരെ ചോദ്യം ചെയ്ത പിതാവിനെ കത്തിച്ചു കൊന്നു

Monday 23 October 2017 3:14 pm IST

ഭോപ്പാല്‍ : മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ മണ്ണെണ്ണയൊഴിച്ച്‌ ജീവനോടെ കത്തിച്ചു. മധ്യപ്രദേശ്, ദാമോ സ്വദേശിയായ നര്‍മ്മദ സാഹു(45)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. നര്‍മ്മദയുടെ മകളെ പ്രതിയും അയല്‍വാസിയുമായ സച്ചിന്‍ സാഹുവും കൂട്ടുകാരും നിരന്തരം ശല്യപ്പെടുത്തിയിരുന്നു. നര്‍മ്മദ പോലീസിന്‍ പരാതി നല്‍കിയത് സച്ചിനെ ചൊടിപ്പിക്കുകയും നര്‍മ്മദയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നര്‍മ്മദയുടെ കുടുംബത്തിന് നേരെയുള്ള ഉപദ്രവം നിരന്തരം തുടര്‍ന്നുകൊണ്ടിരുന്നു. ശനിയാഴ്ച സച്ചിന്‍, രാജ്കുമാര്‍, രാംകുമാര്‍ എന്നിവര്‍ നര്‍മ്മദയുടെ വീട്ടിലെത്തുകയും മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയുമായിരുന്നു. തുടർന്ന് പ്രദേശവാസികൾ തീ അണയ്ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നര്‍മ്മദയെ ഉടന്‍ തന്നെ ദാമോ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയുമായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തു.