ഫിലിപ്പീൻസിലും ഐഎസിന് രക്ഷയില്ല; മറാവി നഗരത്തെ സൈന്യം മോചിപ്പിച്ചു

Monday 23 October 2017 4:56 pm IST

ഫിലിപ്പീൻസ്: ഐഎസിന്റെ പിടിയിലായിരുന്ന മറാവി നഗരം മോചിപ്പിച്ചതായി ഫിലിപ്പീൻസ് സൈന്യം അറിയിച്ചു. കഴിഞ്ഞ അഞ്ചു മാസമായി തുടരുന്ന സൈനിക നീക്കങ്ങൾക്കൊടുവിലാണ് രാജ്യത്തെ തെക്കന്‍ നഗരമായ മറാവിയില്‍ ഐഎസിനെ തോൽപ്പിച്ചത്. ഫിലിപ്പീൻസ് ഇന്നേവരെ കണ്ടതില്‍ വച്ച്‌ ഏറ്റവും ഭീകരമായ 'യുദ്ധം' എന്നാണ് ഐഎസിനെതിരെയുള്ള പോരാട്ടത്തെ വിശേഷിപ്പിച്ചിരുന്നത്. ഐഎസിന്റെ തെക്കുകിഴക്കേഷ്യ തലവന്‍ ഇസ്നിലോണ്‍ ഹാപിലോണിനെ കഴിഞ്ഞയാഴ്ച സൈന്യം വധിച്ചിരുന്നു. ഇറാഖിലും സിറിയയിലും പരാജയം നേരിട്ട ഐഎസ് മറാവി കേന്ദ്രമാക്കി പ്രത്യേക രാജ്യം പ്രഖ്യാപിക്കാനിരിക്കെയാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. മറാവിയിലെ പല കെട്ടിടങ്ങളിലുമായി ഒളിച്ചു കഴിഞ്ഞ ഭീകരര്‍ക്കു നേരെ ശക്തമായ ആക്രമണമാണു സൈന്യം അഴിച്ചുവിട്ടത്. സിറിയയിലും ഇറാഖിലും ഐഎസ് പരാജയം ഏറ്റുവാങ്ങുന്ന ഈ സാഹചര്യത്തിൽ ഫിലിപ്പീൻസിലെ ശക്തി കേന്ദ്രം നഷ്ടപ്പെട്ടത് വൻ തിരിച്ചടിയായിരിക്കുകയാണ്.