സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണം തിരിച്ചടിയായി മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍ കുത്തിവെപ്പ് നല്‍കിയത് 37% പേര്‍ക്ക് മാത്രം : ജനകീയ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം

Monday 23 October 2017 6:43 pm IST

കണ്ണൂര്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 3-ാം തീയ്യതി ആരംഭിച്ച മീസില്‍സ് - റുബെല്ല വാക്‌സിനേഷന്‍ കാമ്പയിനില്‍ ഇതുവരെയായി ജില്ലയില്‍ കുത്തിവെപ്പ് നല്‍കിയത് 2,14,924 കുട്ടികള്‍ക്ക്. 37% മാത്രം. വാക്‌സിനേഷന്‍ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഒരുവിഭാഗം നടത്തുന്ന വ്യാജ പ്രചാരണമാണ് ജില്ലയില്‍ കുത്തിവെയ്പ്പില്‍ നിന്നും പിന്നോട്ടടിച്ചിരിക്കാന്‍ വഴിയൊരുക്കിയതെന്നും ഇതിനാല്‍ കുത്തിവെയ്പ്പ് സംബന്ധിച്ച് സമൂഹത്തിലുണ്ടായിരിക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുമെന്നും ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ 25 നകം ജില്ലയില്‍ ഇതിനായി പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കും. കൂടാതെ ജില്ലാതലത്തിലും പ്രാദേശികതലത്തിലും ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത-ആത്മീയ നേതാക്കള്‍, മറ്റ് സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ വാക്‌സിനേഷന്റെ ആവശ്യകതയെക്കുറിച്ച് വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തും. 27 ന് മാട്ടൂല്‍ പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ നേരിട്ട് വാക്‌സിനേഷന്‍ സംബന്ധിച്ച് പ്രചാരണം നടത്തും. ജില്ലയിലെ 1789 സ്‌കൂളുകളില്‍ 814 ഇടങ്ങളില്‍ ഭാഗികമായി മാത്രമേ കുത്തിവെയ്പ്പുകള്‍ നടന്നിട്ടുളളൂ. ചില സ്‌കൂളുകളില്‍ കുത്തിവെയ്പ്പ് നടത്താന്‍ ആവശ്യപ്പെട്ട കൂട്ടികളുടെ രക്ഷിതാക്കള്‍ അധ്യാപകരെ കയ്യേറ്റം ചെയ്യുന്ന സ്ഥിതിയില്‍വരെ കാര്യങ്ങളെത്തിയിട്ടുണ്ടെന്നും സാമൂഹ്യ മാധ്യമങ്ങളിലെ കുപ്രചാരണത്തിനെതിരെ രണ്ട് പരാതികള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. കുട്ടികളുടെ ചികിത്സ സംബന്ധമായ കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വിട്ടുനല്‍കുന്ന സമൂഹത്തിന്റെ നടപടി വളരെ മോശമായ കീഴ്‌വഴക്കമാണെന്നും കലക്ടര്‍ പറഞ്ഞു. 9 മാസം മുതല്‍ 15 വയസ്സ് (10-ാം ക്ലാസ്സ്) വരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാനാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. വിദഗ്ധ പരിശീലനം നേടിയ വാക്‌സിനേറ്റര്‍മാരാണ് കുത്തിവെപ്പ് നടത്തുന്നത്. ജില്ലയില്‍ കുത്തിവെപ്പ് നടന്ന 815 സ്‌കൂളുകളില്‍ 325 എണ്ണത്തില്‍ 80 ശതമാനത്തിലധികം നേട്ടം കൈവരിച്ചിട്ടുണ്ട്. ജില്ലയിലെ 13 ആരോഗ്യ ബ്ലോക്കുകളില പെരിങ്ങോം (68%), കീഴ്പ്പള്ളി (63%), ഒടുവള്ളിത്തട്ട് (47%), പാപ്പിനിശ്ശേരി (44%), ഏഴോം (40%), ചിറ്റാരിപ്പറമ്പ് (37%), മയ്യില്‍ (37%), പിണറായി (35%), അഴീക്കോട് (35%), പാനൂര്‍ (31%), ഇരിട്ടി (30%), പഴയങ്ങാടി (28%), ഇരിവേരി (28%) എന്നിങ്ങനെയാണ് നിലവില്‍ വാക്‌സസിനേഷന്‍ എടുത്തവരുടെ കണക്ക്. ലോകവ്യാപകമായി നല്‍കുന്ന സുരക്ഷിതമായ പ്രതിരോധ മരുന്നാണ് എം.ആര്‍. വാക്‌സിന്‍. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കുന്നതിലൂടെ ജനങ്ങളുടെ ആകമാനമുള്ള രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ ദൗത്യം. ചില തല്‍പ്പരകക്ഷികള്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇതിനെതിരെ നടത്തുന്ന അസത്യപ്രചാരണം തള്ളിക്കളയണമെന്നും പരിപാടി വിജയിപ്പിക്കുന്നതിനും എല്ലാ കുട്ടികള്‍ക്കും കുത്തിവെപ്പ് എടുത്തു എന്നുറപ്പാക്കുന്നതിനും രക്ഷകര്‍ത്താക്കളും അധ്യാപകരും ജനപ്രതിനിധികളും പൊതുജനങ്ങളും മുന്നോട്ടുവരണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, മേയര്‍ ഇ.പി.ലത തുടങ്ങിയവരും സംബന്ധിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.