പരിയാരത്ത് ഹോട്ടലില്‍ റെയ്ഡ്: ഫുഡ്‌സേഫ്റ്റി ലൈസന്‍സില്ലെന്ന് കണ്ടെത്തി ; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

Monday 23 October 2017 6:44 pm IST

പരിയാരം: പരിയാരം മെഡിക്കല്‍ കോളജിലെ വിവാദ ഹോട്ടലിന് ഫുഡ്‌സേഫ്റ്റി ലൈസന്‍സില്ല. ഫുഡ്‌സേഫ്റ്റി അധികൃതരും കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ആരോഗ്യവിഭാഗവും നടത്തിയ റെയ്ഡില്‍ പഴയ ഭക്ഷ്യവസ്തുക്കളും മറ്റും പിടിച്ചെടുത്തു നശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ടികെസി ഹോട്ടലിലാണ് പയ്യന്നൂര്‍ ഫുഡ്‌സേഫ്റ്റി ഓഫീസര്‍ ധനുശ്രീയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. പരിശോധനയില്‍ ഹോട്ടലിന് ഫുഡ്‌സേഫ്റ്റി ലൈസന്‍സില്ലെന്ന് വ്യക്തമായതായി ഫുഡ്‌സേഫ്റ്റി ഓഫീസര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഫുഡ്‌സേഫ്റ്റി ജില്ലാ അസി.കമ്മീഷണര്‍ അജിത്കുമാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഹോട്ടലിനെതിരെ നടപടികള്‍ ഉണ്ടാകുമെന്ന് ഫുഡ് സേഫ്റ്റി വിഭാഗം വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് ഹോട്ടലില്‍ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ആരോഗ്യവിഭാഗം അധികൃതര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. നിരവധി ന്യൂനതകള്‍ കണ്ടെത്തിയത് അടിയന്തിരമായി പരിഹരിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചായഗ്ലാസില്‍ പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പ് പറ്റിപ്പിടിച്ചത് സംബന്ധിച്ച് പരാതിക്കാരന്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത് വൈറലായി മാറിയിരുന്നു. ഇതേതുടര്‍ന്നാണ് പഞ്ചായത്തും ഫുഡ്‌സേഫ്റ്റി വിഭാഗവും പരിശോധനക്ക് എത്തിയത്. പരിയാരം മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലെ കാന്റീന്‍, ആയുര്‍വേദ കോളജ് കാന്റീന്‍ എന്നിവിടങ്ങളിലും മറ്റ് കടകളിലും നടന്ന റെയ്ഡില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലില്‍ ശുചിത്വം കൂടുതല്‍ ശ്രദ്ധിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.