വ്യക്തിഗത ചാമ്പ്യന്‍ പട്ടം; ഏഴില്‍ അഞ്ചും എറണാകുളത്തിന്

Monday 23 October 2017 10:36 pm IST

 

സംസ്ഥാന കായികോത്സവത്തില്‍ സ്‌കൂള്‍ ചാമ്പ്യന്മാരായ മാര്‍ ബേസില്‍ കോതമംഗലം

പാലാ: ഹൈറേഞ്ചിന്റെ കവാടമെന്ന് വിളിക്കുന പാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ വ്യക്തിഗത ചാമ്പ്യന്മാരായത് 7 പേര്‍. ഇതില്‍ അഞ്ച് പേര്‍ എറണാകുളം ജില്ലക്കാര്‍. നാല് പേര്‍ മാര്‍ബേസില്‍ കോതമംഗലത്തിന്റെ താരങ്ങള്‍. ഒരാള്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെയും താരം.

സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ തങ്ജം അലേര്‍ട്ടണ്‍ സിങ്ങും പെണ്‍കുട്ടികളില്‍ പി. അഭിഷയും വ്യക്തിഗത ചാമ്പ്യന്മായി. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു, പെണ്‍കുട്ടികളില്‍ ആന്‍സി സോജന്‍, സീനിയര്‍ ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപി, പെണ്‍കുട്ടികളില്‍ അപര്‍ണ്ണ റോയ്, അനുമോള്‍ തമ്പി എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടി. അതേസമയം കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ പാലക്കാട് ജില്ലയില്‍ നിന്ന് ഒരാള്‍ പോലും വ്യക്തിഗത ചാമ്പ്യനായില്ല.

സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം തികച്ചാണ് കോതമംഗലം സെന്റ് ജോര്‍ജിന്റെ മണിപ്പൂരി താരം തങ്ജം അലേര്‍ട്ടണ്‍ സിങ് മീറ്റിന്റെ താരമായത്. 80 മീറ്റര്‍ ഹര്‍ഡില്‍, 100 മീറ്റര്‍, ലോങ്ജമ്പ് എന്നീ ഇനങ്ങളിലായിരുന്നു സ്വര്‍ണ്ണം. പെണ്‍കുട്ടികളില്‍ പി. അഭിഷയും ട്രിപ്പിള്‍ സ്വര്‍ണ്ണം നേടിയാണ് വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടിയത്. 200, 400, 600 മീറ്ററുകളില്‍ അഭിഷ സ്വര്‍ണ്ണം നേടി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ മാര്‍ബേസില്‍ എച്ച്എസിന്റെ അഭിഷേക് മാത്യുവും ട്രിപ്പിള്‍ നേടിയാണ് മീറ്റിന്റെ താരമായത്. 400, 800, 1500 മീറ്ററികളിലാണ് അഭിഷേക് പൊന്നണിഞ്ഞത്.

ജൂനിയര്‍ പെണ്‍കുട്ടികളില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം 13 പോയിന്റാണ് വ്യക്തിഗത ചാമ്പ്യനായ ആന്‍സി സോജന്‍ നേടിയത്. നാട്ടിക, ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആന്‍സി 200 മീറ്ററിന് പുറമെ 100 മീറ്ററില്‍ സ്വര്‍ണവും ലോങ്ജമ്പില്‍ വെള്ളിയും നേടി. സീനിയര്‍ ആണ്‍കുട്ടികളില്‍ മാര്‍ബേസില്‍ എച്ച്എസ്എസിന്റെ ആദര്‍ശ് ഗോപി രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം 13 പോയിന്റുമായി വ്യക്തിഗത കിരീടം നേടിയത്. 800 മീ, 1500 മീറ്റര്‍ ഇനങ്ങളിലായിരുന്നു ആര്‍ദശിന്റെ സ്വര്‍ണനേട്ടം. 5000 മീറ്ററില്‍ വെള്ളിയും.

അവസാന സ്‌കൂള്‍ മീറ്റിനിറങ്ങിയ മാര്‍ബേസിലിന്റെ അനുമോള്‍ തമ്പി ട്രിപ്പിള്‍ സ്വര്‍ണ്ണത്തോടെ സംസ്ഥാന സ്‌കൂള്‍ മീറ്റിനോട് വിടപറയുന്നത് വ്യക്തിഗത കിരീടവുമായി. 1500 മീറ്റര്‍, 3000, 5000 മീറ്റര്‍ എന്നിങ്ങനെയായിരുന്നു അനുമോളുടെ പൊന്നിന്‍ത്തിളക്കം. സ്പ്രിന്റ് ഡബിള്‍ ഉള്‍പ്പെടെ മൂന്ന് സ്വര്‍ണ്ണം നേടിയാണ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ അപര്‍ണ്ണ റോയ് മീറ്റിന്റെ മിന്നുംതാരമായത്. 100, 200 മീറ്ററുകള്‍ക്ക് പുറമെ തന്റെ ഇഷ്ടയിനമായ 100 മീറ്റര്‍ ഹര്‍ഡില്‍സിലും അപര്‍ണ്ണ സ്വര്‍ണ്ണം നേടി.