തീയേറ്ററില്‍ ദേശീയഗാനം : സുപ്രീംകോടതി നിലപാട് മാറ്റുന്നു

Monday 23 October 2017 11:15 pm IST

ന്യൂദല്‍ഹി: തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ തങ്ങളുടെ തന്നെ ഉത്തരവ് പുനഃപരിശോധിച്ചേക്കുമെന്ന് സൂചന നല്‍കി സുപ്രീം കോടതി. രാജ്യസ്‌നേഹം എപ്പോഴും കൊണ്ടുനടക്കാന്‍ പൗരന്മാരെ നിര്‍ബന്ധിക്കാനാവില്ല. ഉത്തരവിലൂടെ രാജ്യസ്‌നേഹം വളര്‍ത്തിയെടുക്കാന്‍ കോടതിക്കും കഴിയില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റീസുമാരായ എഎം ഖാന്‍വില്‍ക്കറും ഡി.വൈ. ചന്ദ്രചൂഡും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. അതേസമയം തീയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്നുണ്ടെങ്കില്‍ അതിന് കേന്ദ്രത്തിന് നിയമം കൊണ്ടുവരാമെന്ന സൂചനയും കോടതി നല്‍കി. കേന്ദ്രത്തിന് ദേശീയ പതാക നിയമത്തില്‍ ഭേദഗതി കൊണ്ടുവരാം. ഉത്തരവാദിത്തം പൂര്‍ണ്ണമായും കേന്ദ്രത്തിന് കൈമാറി കോടതി പറഞ്ഞു. തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ സ്വാധീനമില്ലാതെ വേണം ഭേദഗതി തയ്യാറാക്കാന്‍, കോടതി നിര്‍ദ്ദേശിച്ചു. ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് ഭേദഗതി ചെയ്യമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ അടുത്ത വാദം ജനുവരി ഒമ്പതിന് കേള്‍ക്കും. വൈവിധ്യമാര്‍ന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. അതിനാല്‍ തീയേറ്ററുകളില്‍ ദേശീയ ഗാനം പാടുന്നത് ഏകത്വം കൊണ്ടുവരാന്‍ ഉപകരിക്കും. കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ദേശീയതയുടെ പേരില്‍ സദാചാര പോലീസിനെ അനുവദിക്കരുതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ടീ ഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് തിയേറ്ററില്‍ വരാന്‍ പാടില്ലെന്ന് നാളെയാരെങ്കിലും പറയും. ഇങ്ങനെയാണെങ്കില്‍ സദാചാര പോലീസ് എവിടെയാണ് അവസാനിക്കുക. ദേശീയഗാനത്തെയും ദേശീയ പതാകയെയും ബഹുമാനിക്കേണ്ടത് എല്ലാ പൗരന്മാരുടെയും കടമയാണ്. പൊതുപരിപാടികളില്‍ ദേശീയഗാനം ആലപിക്കുന്നത് നല്ലതാണ്. എന്നാല്‍ സിനിമാ തീയറ്ററുകളില്‍ ഇത് നിര്‍ബന്ധമാക്കാന്‍ കോടതിക്ക് സാധിക്കില്ല. 2016 നവംബറില്‍ സുപ്രീംകോടതി തന്നെയാണ് സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയത്. രാജ്യസ്‌നേഹം വളര്‍ത്താനായിരുന്നു കോടതി നടപടി. സിനിമാ തുടങ്ങും മുന്‍പ് ദേശീയഗാനം ആലപിക്കണമെന്നും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമായിരുന്നു ഉത്തരവ്. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് 2017 ഫെബ്രുവരിയില്‍ കോടതി പഴയ ഉത്തരവില്‍ ഭേദഗതി വരുത്തി. ഈ ഉത്തരവെല്ലാം പുനഃപരിശോധിക്കുമെന്നാണ് ഇന്നലെ കോടതി നല്‍കിയ സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.